Friday, March 6, 2026
No menu items!
Homeവാർത്തകൾമനസ് പറഞ്ഞു ഉന്നംപിടിക്കാന്‍; സ്വര്‍ണ്ണത്തിളക്കവുമായി അഖില്‍

മനസ് പറഞ്ഞു ഉന്നംപിടിക്കാന്‍; സ്വര്‍ണ്ണത്തിളക്കവുമായി അഖില്‍

മലയിന്‍കീഴ്: അരയ്ക്ക് താഴേയ്ക്ക് തളര്‍ന്നെങ്കിലും അഖിലിന്റെ കൈകളിലിരിക്കുന്ന റൈഫിളിന് ഉന്നം പിഴയ്ക്കാറില്ല. കാരണം ശരീരത്തിന്റെ തളര്‍ച്ചയെ മനസിന്റെ ധൈര്യം കൊണ്ട് ഉന്നംപിടിച്ച് ലക്ഷ്യം നോക്കി മുന്നേറുകയാണ് അഖില്‍.എസ്.സാം എന്ന ചെറുപ്പക്കാരന്‍. മലയിന്‍കീഴ് തൂങ്ങാംപാറ ബഥേല്‍ വീട്ടില്‍ അഖില്‍.എസ്.സാമിനാണ് സംസ്ഥാന എയര്‍ റൈഫിള്‍ സ്റ്റാന്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണമെഡല്‍ സ്വന്തമായത്.

2016 ആഗസ്റ്റിലാണ് ബൈക്കപടത്തില്‍ അഖിലിന് പരിക്കേല്‍ക്കുന്നത്. അപകടത്തില്‍ അഖിലിന്റെ അരയ്ക്ക് താഴേയ്ക്ക് തളര്‍ന്നുപോയി. സ്‌പൈനല്‍ കോഡിന് ക്ഷതം സംഭവിച്ചതിനെ തുടര്‍ന്ന് നീണ്ടനാളത്തെ ചികിത്സകള്‍ക്കൊടുവിലാണ് വീല്‍ചെയറില്‍ ഇരിക്കാമെന്ന അവസ്ഥയിലെത്തിയത്. ഒരു സുഹൃത്ത് മുഖേന ഇന്റര്‍നാഷണല്‍ ഷൂട്ടിങ് താരമായ സിദ്ധാര്‍ത്ഥ് ബാബുവിനെ പരിചയപ്പെടുകയായിരുന്നു. ആ പരിചയമാണ് അഖിലിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്.
വട്ടിയൂര്‍ക്കാവ് ഇന്റര്‍നാഷണല്‍ ഷൂട്ടര്‍ റേഞ്ചില്‍ നാലുവര്‍ഷത്തെ പരിശീലനം. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം പലപ്പോഴും അഖിലിന്റെ പരിശീലനം മുടങ്ങി. ആത്മവിശ്വാസം മാത്രമായിരുന്നു പാലക്കാട് നടന്ന സംസ്ഥാന എയര്‍ റെഫിള്‍ സ്റ്റാന്റിങ് ചാമ്പ്യന്‍ഷിപ്പില്‍ 10-മീറ്റര്‍ എയര്‍ റൈഫിളില്‍ അഖിലിനെ സ്വര്‍ണ്ണം നേടാന്‍ സഹായിച്ചത്. പരിശീലനത്തിനും മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുമടക്കം വന്‍തുകകളാണ് വേണ്ടിവരുന്നത്. എന്നാല്‍ പെയിന്റിങ് തൊഴിലാളിയായ പിതാവ് സാമിന് മകന്റെ ആഗ്രഹം സഫലമാക്കുന്നതിനുള്ള പണം സ്വരൂപിക്കാന്‍ പലപ്പോഴും കഴിയാറില്ല.

ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ എക്യുപ്‌മെന്റ് കണ്‍ട്രോള്‍ പരിശോധനയുണ്ടാകും. ഗണ്‍, ജാക്കറ്റ്, വീല്‍ചെയര്‍ എന്നിവയെല്ലാം പരിശോധനയ്ക്ക് വിധേയമാക്കും. ഒരുലക്ഷത്തിനാല്‍പ്പത്തിരണ്ടായിരം രൂപ വിലയുള്ള ബേസിക് എയര്‍ റൈഫിളാണ് ഇപ്പോള്‍ അഖില്‍ ഉപയോഗിക്കുന്നത്. ദേശീയതലത്തില്‍ മത്സരിക്കുന്നതിന് അഡ്വാന്‍സ്ഡ് ആയ റൈഫിളാണ് വേണ്ടതെന്ന് അഖില്‍ പറയുന്നു. കായികപ്രേമികളാരെങ്കിലും തന്നെ സഹായിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് അഖില്‍. ഷീജയാണ് അഖിലിന്റെ മാതാവ്. സ്വകാര്യ ടി.വി.ചാനല്‍ ജീവനക്കാരനായ അതുല്‍.എസ്. സാമാണ് സഹോദരന്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments