തിരുവനന്തപുരം: മറ്റൊരു ഗാന്ധിജയന്തി ദിനം കൂടി വന്നെത്തി. ലോകത്തിന് സമാധാനത്തിന്റേയും , അഹിംസയുടേയും മഹത്തായ മാതൃക സമ്മാനിച്ച് ഓരോ ഭാരതീയന്റേയും അഭിമാനം ഉയർത്തിയ രാഷ്ട്രപിതാവിനെ മറക്കാതിരിക്കാം. ഗാന്ധിജിയുടെ കടന്നുവരവ് ദേശീയപ്രസ്ഥാനത്തെ അടിമുടി മാറ്റിമറിച്ചു. മൂർത്തമായ ജനകീയ മുദ്രാവാക്യങ്ങളിലൂടെ അദ്ദേഹം സ്വാതന്ത്ര്യസമരത്തിന്റെ അടിത്തറ സാധാരണക്കാരിലേക്ക് വ്യാപിപ്പിച്ചു. കർഷകരുടെ വിളവിനുള്ള ന്യായവിലയും അയിത്തോച്ചാടനവും അങ്ങനെയാണ് ദേശീയ പ്രസ്ഥാനത്തിന്റെ അജണ്ടയായി മാറിയത്. ഉന്നതരുടേത് മാത്രമായിരുന്ന രാഷ്ട്രീയ വേദിയെ ചമ്പാരനിലെ നീലം കർഷകന്റെയും ദരിദ്രനാരായണന്മാരുടെയും പോരാട്ടവേദിയാക്കി മാറ്റാൻ ഗാന്ധിക്ക് കഴിഞ്ഞു. രാഷ്ട്രീയ ചരിത്ര പണ്ഡിതനായ സുനിൽ ഖിൽനാനി ഐഡിയ ഓഫ് ഇന്ത്യ എന്ന ദീർഘ ഉപന്യാസത്തിൽ വിശേഷിപ്പിച്ചതു പോലെ വൈവിധ്യങ്ങളുടെ നൂലിഴകൾ ചേർത്ത് ദേശീയപ്രസ്ഥാനത്തിന്റെ വസ്ത്രം ഗാന്ധി നെയ്തെടുത്തു. ഗാന്ധിക്ക് ചർക്കയും നൂൽനൂൽക്കലും കേവലം സാമ്പത്തിക സ്വാശ്രയത്വത്തിന്റെ വഴി മാത്രമായിരുന്നില്ല; ഭാഷയും ജാതിയും മതവും കൊണ്ട് ചിതറിക്കിടന്ന കോടിക്കണക്കിന് മനുഷ്യരെ പരസ്പരം കോർത്തുപിടിച്ച്, ബഹുസ്വരതയുടെ ഒരു വലിയ ദേശീയ വസ്ത്രം നെയ്തെടുക്കുന്ന രാഷ്ട്രീയ-ധാർമ്മിക പ്രക്രിയ കൂടിയായിരുന്നു അത്. വർത്തമാനകാലത്ത് വൈവിധ്യങ്ങളെ നിരാകരിക്കുന്ന ഏകശിലാത്മകമായ രാഷ്ട്രീയ വ്യവസ്ഥകളും ചൂഷണ സ്വഭാവമുള്ള സ്ഥാപനങ്ങളും ശക്തിപ്പെടുമ്പോഴാണ് ഗാന്ധിയൻ ഓർമ്മകൾ വീണ്ടും പ്രതിരോധത്തിന്റെ ആയുധമാകുന്നത്.
എന്തുകൊണ്ട് ഗാന്ധി?
ചരിത്രകാരൻ രാമചന്ദ്ര ഗുഹ എന്തുകൊണ്ട് ഗാന്ധി ഇന്നും പ്രസക്തനാണ് എന്നതിന് നിരവധി കാരണങ്ങൾ എണ്ണിപ്പറയുന്നുണ്ട്. ഒന്നാമതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് ലോകത്താദ്യമായി അധിനിവേശ ശക്തികൾക്കും അനീതിക്കുമെതിരെ അഹിംസയെ സന്ധിയില്ലാത്ത ഒരു രാഷ്ട്രീയ-ധാർമ്മിക സമരമുറയായി മാറ്റിത്തീർത്തത് ഗാന്ധിയാണെന്നാണ്. ഗാന്ധിജി ഒരുകാലത്തും സങ്കുചിത ദേശീയവാദിയായിരുന്നില്ല, മറിച്ച് വിശാലമായ അർത്ഥത്തിലുള്ള ഒരു ദേശസ്നേഹിയായിരുന്നു. അതുകൊണ്ടാണ് സ്വാതന്ത്ര്യാനന്തരം വിഭജനത്തിന്റെ മുറിവുകൾക്കിടയിലും പാകിസ്താന് നൽകാനുള്ള സാമ്പത്തിക വിഹിതം കൊടുത്തുതീർക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാരമനുഷ്ഠിക്കാൻ അദ്ദേഹം തയാറായത്. എല്ലാ മതങ്ങൾക്കും പരിമിതികളുണ്ടെന്നും, സ്വന്തം മതം മാത്രമാണ് ശരിയെന്ന് അവകാശപ്പെടുന്നത് അബദ്ധമാണെന്നും അദ്ദേഹം ഉറച്ചുവിശ്വസിച്ചു. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണ്ണയിക്കുന്നതിനെ ഗാന്ധിജി ശക്തമായി എതിർത്തു. അതീവ സുതാര്യവും ജനങ്ങൾക്ക് പൂർണ്ണമായി പ്രാപ്യവുമായ ഒരു പൊതുജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. പലവുരു വധശ്രമങ്ങളുണ്ടായിട്ടും സുരക്ഷാ ക്രമീകരണങ്ങളൊന്നും സ്വീകരിക്കാതെ ജനങ്ങൾക്കിടയിൽ ജീവിച്ച അദ്ദേഹത്തെ വർഗീയ ഫാഷിസ്റ്റുകൾക്ക് എളുപ്പത്തിൽ ഉന്നംവെക്കാനായി. നിരന്തരം സ്വയം നവീകരിക്കുകയും തിരുത്തുകയും ചെയ്ത നേതാവായിരുന്നു ഗാന്ധി. ‘‘എന്റെ മുൻകാല നിലപാടുകളേക്കാൾ, ഇന്ന് ഞാൻ പറയുന്ന സത്യത്തിനാണ് പ്രാധാന്യം’’ എന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. സ്ത്രീകളുടെ പങ്ക്, ജാതിവ്യവസ്ഥ, രാഷ്ട്രീയം എന്നിവയിൽ ആദ്യകാലത്ത് സ്വീകരിച്ച നിലപാടുകളിൽ നിന്ന് എത്രയോ വിപ്ലവകരമായ മാറ്റമാണ് പിൽക്കാലത്ത് അദ്ദേഹം ഉൾക്കൊണ്ടത്. നെഹ്‌റു, പട്ടേൽ, മൗലാനാ ആസാദ്, സരോജിനി നായിഡു തുടങ്ങി വ്യത്യസ്ത വീക്ഷണങ്ങളുള്ള നേതാക്കളെ ഒരുമിച്ച് കൊണ്ടുപോകാനും പൊതുലക്ഷ്യത്തിലേക്ക് നയിക്കാനും കഴിഞ്ഞ അസാധാരണ രാഷ്ട്രതന്ത്രജ്ഞനായിരുന്നു അദ്ദേഹം. തന്നെ ആശയപരമായി എതിർത്തവരെയും ശത്രുപക്ഷത്ത് നിന്നവരെയും കേൾക്കാനും സംഭാഷണങ്ങളിലൂടെ അവരെ അഭിമുഖീകരിക്കാനും ഗാന്ധി സദാ സന്നദ്ധനായിരുന്നു.
അപരവൽക്കരണവും അസഹിഷ്ണുതയും കൊടികുത്തിവാഴുന്ന ഇക്കാലത്ത് ഗാന്ധിയെ ചേർത്തുപിടിക്കുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളൊന്നുമില്ല. ഗാന്ധിയൻ രാഷ്ട്രീയമൂല്യങ്ങൾ നിരന്തരം വെല്ലുവിളിക്കപ്പെടുന്ന ഈ സന്ദർഭത്തിൽ, ചരിത്രസത്യങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് ഗാന്ധിയെ വീണ്ടെടുക്കുക എന്നത് സമകാലിക സാംസ്കാരിക പ്രവർത്തനത്തിന്റെ വലിയൊരു കടമയാണ്.

