ഇടുക്കി: സംസ്ഥാനത്ത് കനത്ത മഴയിലും ഉരുൾപൊട്ടലിലും മൂന്ന് മരണം. ഇടുക്കിയിൽ രണ്ടും കോട്ടയത്ത് ഒരു മരണവുമാണ് സ്ഥിരീകരിച്ചത്. തൊടുപുഴ കുടയത്തൂരിൽ സുമതി, വാഗമൺ വൈക്കം സ്വദേശി പ്രഭാകരൻ നായർ, പൂഞ്ഞാർ പയ്യാനിതോട്ടത്തിൽ ജോസഫിൻ മാണി എന്നിവരാണ് മരിച്ചത്. കോട്ടയം പൂഞ്ഞാറിൽ രണ്ടുപേരെ കാണാതായിട്ടുണ്ട്.ഇടുക്കി കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ മഷിക്കല്ലേൽ സുമതിയുടെ മൃതദേഹം കണ്ടെത്തി. പുലർച്ചെ രണ്ട് മണിയോടെയുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ വീട് പൂർണമായും മണ്ണിനടിയിലാവുകയായിരുന്നു. അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന ഭർത്താവ് രവിയും മകൻ രതീഷും അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും സുമതി മണ്ണിനടിയിൽ കുടുങ്ങിപ്പോകുകയായിരുന്നു. ഫയർഫോഴ്സും പ്രാദേശികവാസികളും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്. ഇടുക്കി വാഗമണ്ണിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. വൈക്കം സ്വദേശി പ്രഭാകരൻ നായരാണ് മരിച്ചത്. ഇയാളുടെ മൃതദേഹം പുറത്തെടുക്കാൻ ആയിട്ടില്ല. കോട്ടയം ജില്ലയിലും വിവിധയിടങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോട്ടയം കൂട്ടിക്കൽ പഞ്ചായത്തിലെ കൊടുങ്ങ, കൊക്കയാർ പഞ്ചായത്ത്, മൂന്നിലവ് എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്. പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് മണപ്പാട്ട് ജോണിയുടെ വീടിന് മുകളിലേക്ക് മണ്ണും കല്ലും ഇടിഞ്ഞുവീണു. മൂന്നംഗ കുടുംബമാണ് വീട്ടിലുണ്ടായിരുന്നത്. ഇതിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. രണ്ടുപേർക്കായുള്ള തിരച്ചിൽ തുടരുന്നു.

