ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു രാജിവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശപ്രകാരമാണ് രാജിയെന്നാണ് പുറത്തുവരുന്ന വിവരം. രാഷ്ട്രപതി ദ്രൗപതി മുര്‍മു രാജി സ്വീകരിച്ചു. രവനീത് സിംഗ് ബിട്ടുവിന്റെ രാജ്യസഭാ കാലാവധി ജൂണ്‍ 21 ന് അവസാനിച്ചിരുന്നു. പിന്നാലെയാണ് രാജി.
ഈ സര്‍ക്കാരില്‍ സഹമന്ത്രിയായിക്കൊണ്ട് രാഷ്ട്രത്തെ സേവിക്കാന്‍ അവസരം നല്‍കിയതിന് പ്രസിഡന്റ് ദ്രൗപതി മുര്‍മുവിനോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും നന്ദി അറിയിക്കുന്നുവെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. പഞ്ചാബിൽ നിന്ന് മൂന്ന് തവണ കോൺഗ്രസ് എംപിയായിരുന്ന രവനീത് കോണ്‍ഗ്രസുമായുള്ള ദീര്‍ഘകാല ബന്ധം അവസാനിപ്പിച്ച് 2024 മാര്‍ച്ചില്‍ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിജെപിയില്‍ ചേര്‍ന്നത്.2024 ജൂണിൽ മോദി സർക്കാരിൽ സഹമന്ത്രിയായി. മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്റെ ചെറുമകനാണ്. അടുത്ത വർഷം പഞ്ചാബിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ രവനീത് സിംഗ് ബിട്ടു മത്സരിച്ചേക്കുമെന്നാണ് പുറത്തു വരുന്ന സൂചനകൾ.

