സ്വന്തം നിലയിൽ ശക്തമായ ഒരു തദ്ദേശീയ മിസൈൽ കവചം നിർമ്മിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ ‘കുഷ’ ദീർഘദൂര ഉപരിതല-വ്യോമ മിസൈലുകളുടെ പരീക്ഷണങ്ങൾ ഊർജിതമാക്കുന്നു. കുഷ ദീർഘദൂര ഉപരിതല-വ്യോമ മിസൈലിന്റെ ആദ്യ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെയാണ് അടുത്ത 12 മാസത്തിനുള്ളിൽ ഡി.ആർ.ഡി.ഒ മൂന്ന് സുപ്രധാന ഇന്റർസെപ്റ്റർ പരീക്ഷണങ്ങൾ കൂടി നടത്താൻ തയ്യാറെടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ ‘സുദർശൻ ചക്ര’ത്തിന് കീഴിലാണ് ഈ ആധുനിക വ്യോമ പ്രതിരോധ സംവിധാനം വികസിപ്പിച്ചെടുക്കുന്നത്. ഒഡീഷ തീരത്ത് വെച്ച് നടന്ന കുഷ എം-1 ഇന്റർസെപ്റ്ററിന്റെ ആദ്യ പരീക്ഷണത്തിൽ അതിവേഗത്തിലുള്ള വ്യോമ ഭീഷണികളെ മിസൈൽ വിജയകരമായി പ്രതിരോധിച്ചിരുന്നു.യുദ്ധവിമാനങ്ങൾ, മിസൈലുകൾ, ഡ്രോണുകൾ, വലിയ ശത്രു വിമാനങ്ങൾ തുടങ്ങി വിവിധ ഉയരങ്ങളിലും ദൂരങ്ങളിലും വരുന്ന ഏത് വ്യോമ ഭീഷണികളെയും പൂർണ്ണമായി തകർക്കാൻ സാധിക്കുന്ന രീതിയിലാണ് കുഷ സംവിധാനം രൂപകൽപ്പന ചെയ്തിട്ടുള്ളത്. അടുത്ത ഘട്ടങ്ങളുടെ ഭാഗമായി 150 കിലോമീറ്റർ ദൂരപരിധിയുള്ള എം-2 ഇന്റർസെപ്റ്ററും, തുടർന്ന് 400 കിലോമീറ്റർ ദൂരപരിധിയുള്ള എം-3 ഇന്റർസെപ്റ്ററുമാണ് പരീക്ഷിക്കുന്നത്.
2022 മെയ് മാസം സുരക്ഷാ കാബിനറ്റ് കമ്മിറ്റിയുടെ അനുമതി ലഭിച്ച ഈ പദ്ധതി, വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും രാജ്യത്തിന്റെ പ്രതിരോധ ശേഷി ഇരട്ടിയാക്കാനും സഹായിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ 80 കിലോമീറ്റർ ദൂരമുള്ള ഇടത്തരം മിസൈൽ സംവിധാനത്തിനും എസ്-400 സംവിധാനത്തിനും ഇടയിലുള്ള വിടവ് നികത്താൻ ഈ പുതിയ മിസൈലുകൾക്ക് സാധിക്കും.ആധുനിക യുദ്ധമുറകളിൽ ദീർഘദൂര മിസൈലുകളുടെയും ഡ്രോണുകളുടെയും പങ്ക് നിർണ്ണായകമാകുന്ന ഈ കാലഘട്ടത്തിൽ, ഇന്ത്യയുടെ സുരക്ഷ ശക്തമാക്കുന്നതിൽ ‘പ്രോജക്റ്റ് കുഷ’ വലിയൊരു വഴിത്തിരിവായി മാറും. അതിർത്തിക്കപ്പുറത്തുനിന്നുള്ള ഭീഷണികൾ മുൻകൂട്ടി കണ്ടെത്തി തടയാൻ സഹായിക്കുന്ന നൂതന ദീർഘദൂര റഡാർ സംവിധാനങ്ങളും ഇതിന്റെ ഭാഗമാണ്. വരാനിരിക്കുന്ന ശക്തമായ ഈ മിസൈൽ പരീക്ഷണങ്ങൾ അന്താരാഷ്ട്ര തലത്തിൽ തന്നെ ഇന്ത്യയുടെ പ്രതിരോധ കരുത്ത് വീണ്ടും വിളിച്ചോതുന്ന ഒന്നായിരിക്കുമെന്നുറപ്പാണ്.

