തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിമൂലം തങ്ങൾക്കുണ്ടായ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ പ്രഖ്യാപിച്ച സെക്രട്ടറിയേറ്റ് മാർച്ചും റിലേ ധർണയും മാറ്റിവച്ചു. ജൂലൈ 20 മുതൽ ജൂലൈ 25 വരെയായിരുന്നു സമരം നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിൽ ബസുടമകളെ സഹായിക്കുന്ന തിരുമാനം സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്ന് ഗതാഗത മന്ത്രി നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധം മാറ്റി വെച്ചതെന്ന് ബസ് ഉടമകൾ അറിയിച്ചു. നിശ്ചയിച്ച കാലാവധിക്കുള്ളിൽ ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ സർവീസ് നിർത്തിവച്ചു കൊണ്ടുള്ള അനിശ്ചിത കാല ബസ് സമരം പ്രഖ്യാപിക്കുമെന്നും ബസുടമകൾ മുന്നറിയിപ്പ് നൽകി.ബസുടമകളുമായി കഴിഞ്ഞ ദിവസം ഗതാഗതമന്ത്രി ഔദ്യോഗികമായി നടത്തിയ ചർച്ചയിൽ, ബസ് വ്യവസായം നേരിടുന്ന പ്രയാസങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ആറ് ആഴ്ചക്കുള്ളിൽ സമിതിയിൽ നിന്ന് റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് ബസുടമകളെ സഹായിക്കുന്ന തീരുമാനം സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്നുമാണ് ഗതാഗത മന്ത്രി ഉറപ്പുനൽകിയിരിക്കുന്നത്.സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിന് വരുമാന പരിധി നിശ്ചയിക്കണമെന്നും ഒരു ദിവസം രണ്ടു യാത്ര മാത്രം അനുവദിക്കുന്ന വിധത്തിലുള്ള കാർഡ് വിതരണം ചെയ്ത്കൊണ്ടായിരിക്കണമെന്നും സ്വകാര്യ ബസുടമകളുടെ യോഗം സർക്കാരിനോട് നിർദേശിച്ചു. സ്വകാര്യ ബസുകളുടേത് പോലെ കെഎസ്ആർടിസിക്കും സമയനിഷ്ഠ ഉറപ്പ് വരുത്തണമെന്നും ബസുടമകൾ ആവശ്യപ്പെട്ടു

