Sunday, July 5, 2026
No menu items!
Homeവാർത്തകൾമെഡിക്കൽ പി.ജി കോഴ്സുകളിൽ പ്രവേശനത്തിനായുള്ള നാഷനൽ എലിജിബിലിറ്റി-കം-എൻട്രൻസ് ടെസ്റ്റ് (നീറ്റ്-പി.ജി 2026) ആഗസ്റ്റ് 30ന്;...

മെഡിക്കൽ പി.ജി കോഴ്സുകളിൽ പ്രവേശനത്തിനായുള്ള നാഷനൽ എലിജിബിലിറ്റി-കം-എൻട്രൻസ് ടെസ്റ്റ് (നീറ്റ്-പി.ജി 2026) ആഗസ്റ്റ് 30ന്; ജൂലൈ 21 വരെ ഓൺലൈനായി അപേക്ഷിക്കാം

ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ പി.ജി (എം.ഡി/എം.എസ്/പി.ജി.ഡിപ്ലോമ) കോഴ്സുകളിൽ 2026-27 വർഷത്തെ പ്രവേശനത്തിനായുള്ള നാഷനൽ എലിജിബിലിറ്റി-കം-എൻട്രൻസ് ടെസ്റ്റ് (നീറ്റ്-പി.ജി 2026) ആഗസ്റ്റ് 30ന് നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസിന്റെ ആഭിമുഖ്യത്തിൽ നടത്തും. എം.ബി.ബി.എസ് കഴിഞ്ഞുള്ള ഡി.എൻ.ബി/ഡോ.എൻ.ബി/എൻ.ബി.ഇ.എം.എസ് ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനവും നീറ്റ്-പി.ജി യോഗ്യതയുടെ അടിസ്ഥാനത്തിലാണ്. എന്നാൽ ന്യൂഡൽഹി അടക്കമുള്ള എയിംസുകൾ, ജിപ്മെർ പുതുശ്ശേരി, പിജിമെർ ചണ്ഡീഗഡ്, നിംഹാൻസ് ബംഗളൂരു, ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആന്റ് ടെക്നോളജി തിരുവനന്തപുരം എന്നിവിടങ്ങളിലെ മെഡിക്കൽ പി.ജി പ്രവേശനം ‘നീറ്റ്-പി.ജി’യുടെ പരിധിയിൽപെടില്ല. ദേശീയ പ്രാധാന്യമുള്ള ഈ സ്ഥാപനങ്ങളിലേക്ക് പ്രത്യേക പരീക്ഷയുണ്ട്. ‘നീറ്റ്-പി.ജി 2026’ വിജ്ഞാപനവും വിവരണ പത്രികയും https://natboard.edu.inൽ. ‘നീറ്റ്-പി.ജി 2026’ റാങ്ക് അടിസ്ഥാനത്തിൽ മെഡിക്കൽ പി.ജി കോഴ്സുകളിൽ എല്ലാ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെയും 50 ശതമാനം അഖിലേന്ത്യ ക്വോട്ട സീറ്റുകളിലും സ്റ്റേറ്റ് ക്വോട്ട സീറ്റുകളിലും, എല്ലാ സ്വകാര്യ മെഡിക്കൽ കോളജുകൾ, സ്ഥാപനങ്ങൾ, സർവകലാശാലകൾ, കൽപിത സർവകലാശാലകൾ, ‘ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസ്) സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ സീറ്റുകളിലും പ്രവേശനം ലഭിക്കും. യോഗ്യത: കമ്പ്യൂട്ടർ അധിഷ്ഠിത നീറ്റ് പി.ജി, അഭിമുഖീകരിക്കുന്നതിന് അംഗീകൃത എം.ബി.ബി.എസ് ബിരുദവും നാഷനൽ മെഡിക്കൽ കമീഷൻ അല്ലെങ്കിൽ സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. ഒരുവർഷത്തെ ഇന്റേൺഷിപ്പ് 2026 സെപ്റ്റംബർ 30നകം പൂർത്തിയാക്കണം. വിദേശ മെഡിക്കൽ കോളജുകളിൽനിന്നും ബിരുദമെടുത്താൽ ഫോറിൻ മെഡിക്കൽ ഗ്രാഡുവേറ്റ് എക്സാമിനേഷൻ സ്ക്രിനിംഗ് ടെസ്റ്റിൽ യോഗ്യത നേടി എൻ.എം.സി/എം.സി.ഐ/എസ്.എം.സിയിൽ രജിസ്റ്റർ ചെയ്തിരിക്കണം. പരീക്ഷാ ഫീസ്: ജനറൽ, ഒ.ബി.സി, ഇ.ഡബ്ല്യൂ.എസ് വിഭാഗങ്ങൾക്ക് 3500 രൂപ. പട്ടികജാത/വർഗം, ഭിന്നശേഷി (വിഭാഗങ്ങൾക്ക് 2500 രൂപ മതി. രജിസ്ട്രേഷൻ/അപേക്ഷ: വിവരണപത്രികയിലെ നിർദേശങ്ങൾ പാലിച്ച് ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാം. ജൂലൈ 21 വരെ അപേക്ഷ സ്വീകരിക്കും. ഒറ്റ അപേക്ഷ നൽകിയാൽ മതി. അപേക്ഷയിൽ ആവശ്യമായ വിവരങ്ങൾ ചേർക്കുന്നതിനും എഡിറ്റ് ചെയ്യുന്നതിനും ജൂലൈ 25-28 വരെയും ഫോട്ടോഗ്രാഫ്, സിഗ്നേച്ചർ അടക്കമുള്ള ഇമേജുകൾ പരിശോധിച്ച് അപാകതകൾ പരിഹരിക്കുന്നതിനും ജൂലൈ 31 മുതൽ ആഗസ്റ്റ് 10 വരെയും സൗകര്യം ലഭിികകും. പരീക്ഷാ നഗരത്തെപ്പറ്റിയുള്ള അറിയിപ്പ് 11നും അഡ്മിറ്റ് കാർഡുകൾ 27നും ലഭ്യമാകും. പരീക്ഷ: നീറ്റ്-പി.ജ 2026ൽ മെഡിക്കൽ ബിരുദ കരിക്കുലം ആസ്പദമാക്കിയുള്ള വിഷയങ്ങളിൽ 180 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടാവും. മൂന്നരമണിക്കൂർ സമയം അനുവദിക്കും. ശരി ഉത്തരത്തിന് 4 മാർക്ക്. ഉത്തരം തെറ്റിയാൽ ഓരോ മാർക്ക് കുറയ്ക്കും. ആഗസ്റ്റ് 30ന് രാവിലെ 9 മുതൽ 12.30 മണിവരെയാണ് പരീക്ഷ. രാവിലെ ഏഴു മുതൽ 8.30 മണിവരെ പരീക്ഷാ കേന്ദ്രത്തിൽ പ്രവേശിക്കാം. 8.45ന് കമ്പ്യൂട്ടർ ലോഗിൻ ചെയ്ത് നിർദേശങ്ങൾ വായിച്ച് മനസ്സിലാക്കാം. പരീക്ഷാകേന്ദ്രത്തിൽ സെക്യൂരിറ്റി ചെക്കിംഗ് നടപടികളുടെ ഭാഗമായി ഫേസ് ഐ.ഡി, ബയോമെട്രിക് പരിശോധനകളുണ്ടാവും. അഡ്മിറ്റ് കാർഡിന് പുറമെ പാൻകാർഡ്/വോട്ടർ ഐഡി/ഡ്രൈവിംഗ് ലൈസൻസ്/പാസ്പോർട്ട്/ആധാർ കാർഡ് എന്നിവയിലൊന്ന് കൂടി കൈവശം കരുതണം. ഫലം സെപ്റ്റംബർ 30ന് പ്രസിദ്ധപ്പെടുത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments