കുറവിലങ്ങാട്: കുറവിലങ്ങാട് ഇടവക തറവാട് പള്ളിയാണെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. കുറവിലങ്ങാട് ഇടവകയുടെ പ്രവർത്തനവർഷ റിപ്പോർട്ട് ഏറ്റുവാങ്ങി സന്ദേശം നൽകുകയായിരുന്നു മേജർ ആർച്ച്ബിഷപ് . കുറവിലങ്ങാട് പള്ളിയും പകലോമറ്റം തറവാട് പള്ളിയും വലിയ വിശ്വാസ സാക്ഷ്യമാണ് സമ്മാനിക്കുന്നതെന്നും മേജർ ആർച്ച് ബിഷപ്പ് പറഞ്ഞു. ആർച്ച് പ്രീസ്റ്റ് ഫാ. ഡോ. തോമസ് മേനാച്ചേരിയുടെ നേതൃത്വത്തിലാണ് ഇടവക പ്രതിനിധി സംഘം തലവനെ സന്ദർശിച്ച് വാർഷിക റിപ്പോർട്ടും കൂരിയാവിഹിതവും കൈമാറിയത്. അസിസ്റ്റൻറ് വികാരിമാർ, കൈക്കാരന്മാർ, മുൻ കൈക്കാരന്മാർ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി, പള്ളിയോഗം സെക്രട്ടറി, കൂട്ടായ്മ ഭാരവാഹികൾ, ഇടവകയിൽ നിന്നുള്ള വിവിധ ആത്മായ സംഘടനകളുടെ രൂപത പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിലാണ് മേജർ ആർച്ച് ബിഷപ്പിനെ സന്ദർശിച്ചത്. കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം അർക്കദിയാക്കോൻ തീർത്ഥാടന ഇടവകയുടെ വാർഷിക പ്രവർത്തന റിപ്പോർട്ട് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന് ആർച്ച്പ്രീസ്റ്റ് ഫാ. ഡോ. തോമസ് മേനാച്ചേരി കൈമാറി.

