തിരുവനന്തപുരം: പിണറായി വിജയനും മകൾക്കും നേരെയുള്ള എൻഫോഴ്സ്മെന്റ് (ഇ.ഡി) നടപടി, പാർട്ടിക്ക് നേരെയുള്ള കടന്നാക്രമണമായി കണ്ട് രാഷ്ട്രീയമായി നേരിടാൻ സി.പി.എം. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് റെയ്ഡെന്നാണ് പാർട്ടി വിലയിരുത്തൽ. ബ്രാഞ്ച് തലം വരെ പാർട്ടിയെ അണിനിരത്തി വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധമുയർത്തുന്നത് ഇതിന്‍റെ ഭാഗമാണ്. വർഷങ്ങളായി രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലായ്മ ചെയ്യാൻ കേന്ദ്ര ഏജൻസികളെ ആയുധമാക്കുകയെന്ന കേന്ദ്ര സർക്കാറിന്റെ നയത്തിന്റെ ഭാഗമാണ് പിണറായിക്കെതിരായ നീക്കമെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.സി.എം.ആർ.എല്ലുമായി ബന്ധപ്പെട്ട ഏത് കേസും ഏത് രൂപത്തിൽ വേണമെങ്കിലും അന്വേഷിക്കുന്നതിന് തടസ്സമില്ല. എന്നാൽ, രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് റെയ്ഡ്. ഈ നടപടികളിലൂടെ പിണറായി വിജയനെയോ പ്രസ്ഥാനത്തെയോ ഇടതുപക്ഷത്തെയോ തകർക്കാമെന്ന വ്യാമോഹം ബി.ജെ.പിക്ക് വേണ്ട. രാഷ്ട്രീയപ്രേരണയോടെയാണ് നിരന്തരമായ ഇത്തരം നീക്കം നടത്തുന്നതെന്ന് ഉന്നത കോടതികളിൽപോലും വെളിപ്പെട്ടതാണ്. വിജിലൻസ് കോടതി, ഹൈകോടതി, സുപ്രീംകോടതി എന്നിവയെല്ലാം ഇത് പറഞ്ഞതാണെന്നും സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടുന്നു. എല്ലാ അന്വേഷണത്തിലും പൂർണമായി സഹകരിക്കുന്ന നിലപാടാണ് വീണ വിജയൻ സ്വീകരിച്ചതെന്നും ഈ ഘട്ടത്തിലാണ് കടന്നാക്രമണത്തിന് ഇ.ഡി നീക്കമെന്നുമാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞത്. കെട്ടിച്ചമച്ച കേസിൽ, മകളായിപ്പോയി എന്നത് കൊണ്ടാണ് അച്ഛനെതിരെ നീക്കം നടക്കുന്നത്. പാർട്ടിയെ തകർക്കണമെങ്കിൽ പിണറായിയെ തകർക്കണമെന്ന് തിരിച്ചറിഞ്ഞാണ് ഇത്തരം നീക്കം. ഇത് സി.പി.എമ്മിനെതിരെ മാത്രമല്ല, ഇന്ത്യയിലെ പ്രതിപക്ഷ നേതൃനിരക്ക് എതിരെ കൂടിയാണ്. വിഷയത്തിൽ ഒരു ആശങ്കയും സി.പി.എമ്മിനില്ല. തെറ്റായ ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. ജനങ്ങളെ അണിനിരത്തി ഇതിനെ പ്രതിരോധിക്കുമെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധിക്ക് സംതൃപ്തിയെന്ന് പിണറായി ‘‘ഈ പരിശോധന ചിലർക്കെല്ലാം വലിയ മനസംതൃപ്തി നൽകുമെന്നാണ് തോന്നുന്നത്, പ്രത്യേകിച്ച് രാഹുൽ ഗാന്ധിയെ പോലെ ഒരാൾക്ക്. എന്തുകൊണ്ട് പിണറായി വിജയന്റെ വീട് റെയ്ഡ് ചെയ്യുന്നില്ല, അറസ്റ്റ് ചെയ്യുന്നില്ല എന്നതായിരുന്നു രാഹുൽ ഗാന്ധി ചോദിച്ച ചോദ്യം. പ്രതിപക്ഷത്തിന് എതിരായ കരുതിക്കൂട്ടിയുള്ള ആക്രമണ നടപടികളാണ് ബി.ജെ.പി സർക്കാർ തുടരുന്നത്. പക്ഷേ തങ്ങളുടെ പാർട്ടിക്കാർ അല്ലാത്തവർക്ക് നേരെ ഇ.ഡിയുടെ കടന്നുകയറ്റം നടന്നോട്ടെ എന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിട്ടുള്ളത്’’ അപലപിച്ച് സ്റ്റാലിൻ പിണറായി വിജയനെതിരായ ഇ.ഡി റെയ്ഡിനെ അപലപിച്ച് ഡി.എം.കെ അധ്യക്ഷനും മുൻ തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ. എക്സ് പേജിലൂടെയായിരുന്നു പ്രതികരണം. പിണറായിയെ എന്തുകൊണ്ടാണ് ബി.ജെ.പി ലക്ഷ്യമിടാത്തത് എന്ന് ആവർത്തിച്ച് ചോദിച്ച ചില കോൺഗ്രസ് നേതാക്കളുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് റെയ്ഡ് – സ്റ്റാലിൻ ചൂണ്ടിക്കാട്ടി.



