Wednesday, May 27, 2026
No menu items!
Homeവാർത്തകൾഅയക്കുന്ന ദിവസം തന്നെ തപാലെത്തുന്നത് ഉൾപ്പെടെ ജനപ്രിയ പദ്ധതികളുമായി തപാൽ വകുപ്പ്

അയക്കുന്ന ദിവസം തന്നെ തപാലെത്തുന്നത് ഉൾപ്പെടെ ജനപ്രിയ പദ്ധതികളുമായി തപാൽ വകുപ്പ്

കൊച്ചി: പോസ്റ്റൽ വകുപ്പ് ആധുനികവത്കരണത്തിന്‍റെയും കൂടുതൽ ഉപഭോക്തൃ സൗഹൃദമാക്കുന്നതിന്‍റെയും ഭാഗമായി ജനപ്രിയ പദ്ധതികൾ പ്രഖ്യാപിച്ച് കേരള പോസ്റ്റൽ സർക്കിൾ. അയക്കുന്ന അതേ ദിവസംതന്നെ തപാൽ എത്തിക്കുന്ന കാപിറ്റൽ എക്സ്പ്രസ്, കാർഷിക പാർസലുകൾക്കായി ‘ഗ്രീൻ എക്സ്പ്രസ്’, തിരഞ്ഞെടുത്ത ഡെലിവറി ഓഫിസുകളിൽനിന്ന് ആഴ്ചയിൽ ഏതു ദിവസവും ഉപഭോക്താക്കൾക്ക് ആഭ്യന്തര സ്പീഡ് പോസ്റ്റ് കത്തുകളും പാർസലുകളും കൈപ്പറ്റാൻ സൗകര്യമൊരുക്കുന്ന ‘പിക്ക് പോസ്റ്റ് എക്സ്പ്രസ്’ തുടങ്ങിയ പദ്ധതികൾക്കാണ് സംസ്ഥാനത്ത് തുടക്കമായത്. കൊച്ചി, കോട്ടയം, കൊല്ലം ഉൾപ്പെടെ കേരളത്തിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളെ സംസ്ഥാന തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന സമ്പൂർണ വാണിജ്യ സേവനമായ കാപിറ്റൽ എക്സ്പ്രസ് പൈലറ്റ് ഘട്ടം വിജയകരമായി പൂർത്തിയാക്കിയതായി ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ, കേരള പോസ്റ്റൽ സർക്കിൾ പി.എൻ. രഞ്ജിത് കുമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തിരുവനന്തപുരം ഫോർട്ട് ഐ.ഡി.സി (പിൻ 695023), എറണാകുളം ഹെഡ് പോസ്റ്റ് ഓഫിസ് (പിൻ 682011), കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫിസ് (പിൻ 673001) എന്നിവിടങ്ങളിലാണ് പിക്ക് പോസ്റ്റ് എക്സ്പ്രസ് പൈലറ്റ് സർവിസ് ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ ഹോർട്ടികൾച്ചർ, നഴ്സറി മേഖലകളെ പിന്തുണക്കുന്നതിന്, ചെടികളും തൈകളും ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ എത്തിക്കുന്നതിനുള്ള പ്രീമിയം സേവനമായ ഗ്രീൻ എക്സ്പ്രസും കൂടുതൽ ജനപ്രിയമാകുമെന്നാണ് വകുപ്പിന്‍റെ പ്രതീക്ഷ. ആദ്യഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിലും പരിസര പ്രദേശങ്ങളിലും പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പിലാക്കിയ ഈ സേവനം, വയനാട്, ഇടുക്കി, തൃശൂർ ജില്ലയിലെ മണ്ണുത്തി ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്. ഇതിനു പുറമേ കേരള പോസ്റ്റൽ സർക്കിൾ പരമ്പരാഗത ട്രെയിൻ അധിഷ്ഠിത ഗതാഗത സംവിധാനങ്ങളിൽനിന്ന് പ്രത്യേക റോഡ് ഗതാഗത ശൃംഖലകളിലേക്ക് മാറാൻ പോവുകയാണെന്നും അദ്ദേഹം അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments