Tuesday, May 12, 2026
No menu items!
Homeവാർത്തകൾഹാന്റാവൈറസ്: ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് ഇന്ത്യൻ എംബസി

ഹാന്റാവൈറസ്: ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് ഇന്ത്യൻ എംബസി

ന്യൂഡൽഹി: ഹാന്റാവൈറസ് ബാധയെത്തുടർന്ന് അറ്റ്ലാന്റിക് സമുദ്രത്തില്‍ കുടുങ്ങിയ ‘എംവി ഹോണ്ടിയസ്’ എന്ന ക്രൂസ് കപ്പലിലുണ്ടായിരുന്ന രണ്ട് ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് മാഡ്രിഡിലെ ഇന്ത്യൻ എംബസി അറിയിച്ചു.കപ്പലിലെ ജീവനക്കാരായ ഇവർക്ക് നിലവില്‍ രോഗലക്ഷണങ്ങളൊന്നുമില്ല. ഞായറാഴ്ച സ്പെയിനിലെ കാനറി ഐലൻഡ് തീരത്തെത്തിയ കപ്പലില്‍ നിന്ന് സ്പാനിഷ് അധികൃതരുടെയും ലോകാരോഗ്യ സംഘടനയുടെയും ആരോഗ്യ പ്രോട്ടോക്കോള്‍ അനുസരിച്ച്‌ യാത്രക്കാരെ പുറത്തിറക്കി. ഇന്ത്യൻ പൗരന്മാരെ തുടർനടപടികള്‍ക്കായി നെതർലൻഡ്സിലേക്ക് മാറ്റിയതായും അവിടെ അവർ നിരീക്ഷണത്തില്‍ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.മാർച്ച്‌ 20-ന് അർജന്റീനയില്‍ നിന്ന് യാത്ര തിരിച്ച ഈ ഡച്ച്‌ കപ്പലില്‍ ഹാന്റാവൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് മൂന്ന് പേർ മരണപ്പെടുകയും നിരവധി പേർക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തുകയും ചെയ്‌തിരുന്നു. ഇതേത്തുടർന്ന് മെയ് 4 മുതല്‍ ലോകാരോഗ്യ സംഘടന കപ്പലിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയായിരുന്നു.കപ്പലിലുണ്ടായിരുന്ന മറ്റ് യാത്രക്കാരെ പ്രത്യേക വിമാനങ്ങളില്‍ മാഡ്രിഡിലേക്കും തുടർന്ന് അവരുടെ നാടുകളിലേക്കും അയച്ചു തുടങ്ങിയിട്ടുണ്ട്. സ്പാനിഷ് അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും ഇന്ത്യൻ പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കാൻ അംബാസഡറുടെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും എംബസി അറിയിച്ചു. ഏകദേശം 150-ഓളം യാത്രക്കാരും ജീവനക്കാരുമാണ് വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട സമയത്ത് കപ്പലിലുണ്ടായിരുന്നത്. കപ്പലില്‍ റിപ്പോർട്ട് ചെയ്ത എട്ട് വൈറസ് കേസുകളില്‍ ആറെണ്ണവും ‘ആൻഡീസ് വൈറസ്’ എന്ന വകഭേദമാണെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. അടുത്ത സമ്പർക്കത്തിലൂടെ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ള ഒരു വൈറസ് വകഭേദമാണിതെങ്കിലും ഇതിന്റെ വ്യാപന സാധ്യത കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്.കപ്പലിലെ വൈറസ് ബാധ ഇന്ത്യയില്‍ വലിയ ആശങ്കയ്ക്ക് കാരണമാകേണ്ടതില്ലെന്ന് മെഡിക്കല്‍ വിദഗ്ധർ വ്യക്തമാക്കി. ഇന്ത്യയില്‍ ഇതുവരെ ഒരു തരത്തിലുള്ള സമൂഹവ്യാപന ഭീഷണിയും നിലവിലില്ലെന്ന് ഐസിഎംആർ-നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി) ഡയറക്ടർ ഡോ. നവീൻ കുമാർ അറിയിച്ചു. പ്രധാനമായും എലികളിലൂടെ പകരുന്ന ഹാന്റാവൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നത് അത്യപൂർവ്വമാണെന്നും നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയിലെ പൊതുജനാരോഗ്യത്തിന് ഭീഷണി വളരെ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെയ് 8 വരെയുള്ള കണക്കനുസരിച്ച്‌ കപ്പലിലുണ്ടായിരുന്നവരില്‍ മൂന്ന് മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments