Monday, May 11, 2026
No menu items!
Homeവാർത്തകൾആശങ്ക ഒഴിയാതെ പശ്ചിമേഷ്യ; ഇറാന്റെ നിർദേശങ്ങൾ തള്ളി അമേരിക്ക

ആശങ്ക ഒഴിയാതെ പശ്ചിമേഷ്യ; ഇറാന്റെ നിർദേശങ്ങൾ തള്ളി അമേരിക്ക

വാഷിങ്ടൺ: യു.എസ് മുന്നോട്ടുവെച്ച സമാധാന ചർച്ചകൾക്കുള്ള നിർദേശത്തിന് ഇറാൻ നൽകിയ മറുപടി അംഗീകരിക്കാനാവില്ലെന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇതോടെ പത്ത് ആഴ്ചയായി തുടരുന്ന സംഘർഷത്തിന് അന്ത്യമുണ്ടാകുമെന്ന പ്രതീക്ഷകൾ ഇല്ലാതായി. ചർച്ചകൾ പുനരാരംഭിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവെച്ച നിർദേശത്തിന് മറുപടിയായി എല്ലാ മേഖലകളിലും യുദ്ധം അവസാനിപ്പിക്കുന്നതിനും കടലിടുക്കിലെ കപ്പൽ ഗതാഗത സുരക്ഷക്കും മുൻഗണന നൽകുന്ന നിർദേശങ്ങളാണ് ഇറാൻ സമർപ്പിച്ചത്. എന്നാൽ ഇറാന്റെ മറുപടി പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ ട്രംപ് അത് തള്ളിക്കളയുകയായിരുന്നു. “എനിക്ക് ഇത് ഒട്ടും ഇഷ്ടപ്പെട്ടില്ല, ഇത് അംഗീകരിക്കാനാവില്ല,” എന്നാണ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. സമാധാന നീക്കത്തിന്‍റെ ഭാഗമായി പാകിസ്താൻ വഴിയാണ് ഇറാൻ തങ്ങളുടെ പുതിയ നിർദേശങ്ങൾ വാഷിങ്ടണിന് കൈമാറിയത്. യുദ്ധക്കെടുതികൾക്ക് നഷ്ടപരിഹാരം നൽകുക, ഹുർമുസ് കടലിടുക്കിന്മേലുള്ള ഇറാന്റെ പരമാധികാരം അംഗീകരിക്കുക, യു.എസ് ഏർപ്പെടുത്തിയ നാവിക ഉപരോധം അവസാനിപ്പിക്കുക, എണ്ണ വിൽപ്പനക്കുള്ള നിരോധനം നീക്കുക തുടങ്ങിയ നിബന്ധനകളാണ് ഇറാൻ മുന്നോട്ടുവെച്ചത്. ഭാവിയിൽ ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകണമെന്നും ഇറാൻ ആവശ്യപ്പെട്ടിരുന്നു. ആണവ പ്രശ്നങ്ങളും ഉപരോധങ്ങളും സംബന്ധിച്ച ചർച്ചകൾ പിന്നീട് നടത്താമെന്നാണ് ഇറാന്റെ നിലപാട്. എന്നാൽ, ഇറാന്റെ ആണവ പദ്ധതികൾ പൂർണമായും മരവിപ്പിക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് ട്രംപ്. ആണവ സമ്പുഷ്ടീകരണം 12 വർഷത്തേക്ക് നിർത്തിവെക്കണമെന്നാണ് നിലവിൽ അമേരിക്കയുടെ ആവശ്യം. ഈ ആഴ്ച ചൈന സന്ദർശിക്കാനിരിക്കുന്ന ട്രംപിന് മേൽ യുദ്ധം അവസാനിപ്പിക്കാൻ വലിയ ആഗോള സമ്മർദമുണ്ട്. യുദ്ധം സൃഷ്ടിച്ച ആഗോള ഊർജ്ജ പ്രതിസന്ധിയും സാമ്പത്തിക ഭീഷണിയും യു.എസിലെ വോട്ടർമാർക്കിടയിലും വലിയ അതൃപ്തി ഉണ്ടാക്കുന്നുണ്ട്. അതേസമയം, ഇറാന്റെ ആണവ കേന്ദ്രങ്ങൾ തകർക്കുന്നതുൾപ്പെടെയുള്ള നടപടികൾ പൂർത്തിയാകാതെ യുദ്ധം അവസാനിപ്പിക്കില്ലെന്ന കർശന നിലപാടിലാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു. എന്നാൽ ഇറാൻ ശത്രുക്കൾക്ക് മുന്നിൽ കീഴടങ്ങില്ലെന്നും തങ്ങളുടെ ദേശീയ താൽപ്പര്യങ്ങൾ ഏത് സാഹചര്യത്തിലും സംരക്ഷിക്കുമെന്നും പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും വ്യക്തമാക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments