ന്യൂഡൽഹി: ബംഗാളില്‍ തെരഞ്ഞെടുപ്പ് അട്ടിമറിച്ചിരിക്കുകയാണെന്നും അതിനാല്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് താന്‍ രാജിവെക്കില്ലെന്നും പ്രഖ്യാപിച്ച് മമതാ ബാനര്‍ജി. വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. തൃണമൂല്‍ തോറ്റിട്ടില്ലെന്നാണ് മമതയുടെ വാദം. മെയ് ആറ് വരെയാണ് സര്‍ക്കാരിന്റെ കാലാവധിയെന്നിരിക്കെ മമത രാജിവെക്കാതിരുന്നാല്‍ ബംഗാളില്‍ എന്താണ് സംഭവിക്കുക? ഭരണഘടനാപരമായ എന്തെങ്കിലും പ്രതിസന്ധിയുണ്ടാകുമോ? പുതിയ സര്‍ക്കാറിന് അധികാരമേല്‍ക്കാന്‍ കഴിയാത്ത സാഹചര്യം വരുമോ? സാധാരണഗതിയില്‍ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന് എതിരായൊരു ജനവിധി ഉണ്ടാകുന്നതോടെ ഭരണത്തലവനായ മുഖ്യമന്ത്രി ഗവര്‍ണറെ കണ്ട് രാജിസമര്പ്പിക്കാറുണ്ട്. കേരളത്തിലും തമിഴ്നാട്ടിലുമൊക്കെ അതാണ് സംഭവിച്ചത്. മുഖ്യമന്ത്രിയുടെ രാജി ഗവര്‍ണര്‍ സ്വീകരിക്കും. അതേസമയം, അടുത്ത മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത് വരെ കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ ആവശ്യപ്പെടുകയും ചെയ്യും. ഈ കാലയളവില്‍ മുഖ്യമന്ത്രിയുടെ അധികാരങ്ങള്‍ തീര്‍ത്തും പരിമിതമായിരിക്കും.എന്നാല്‍, താന്‍ ഗവര്‍ണറെ കണ്ട് രാജി നല്‍കില്ലെന്നാണ് മമത ഇന്ന് പറഞ്ഞിരിക്കുന്നത്. അതേസമയം, ഈ സാഹചര്യം ബംഗാളില്‍ ഭരണഘടനാപരമായ ഒരു പ്രതിസന്ധിയും സൃഷ്ടിക്കില്ലെന്നാണ് നിയമവിദഗ്ധര്‍ വ്യക്തമാക്കുന്നത്. ഭരണഘടനാ വിദഗ്ധനും ലോക്സഭാ മുന്‍ സെക്രട്ടറി-ജനറലുമായ പി.ഡി.ടി ആചാരി ഇക്കാര്യമാണ് വ്യക്തമാക്കുന്നത്. ‘മമത രാജിവെച്ചില്ലെങ്കില്‍ അത് ഒരു വിഷയമേ ആകുന്നില്ല. രാജി നല്കിയാലും അടുത്ത മുഖ്യമന്ത്രി ചുമതലയേല്‍ക്കുന്നത് വരെ തുടരാന്‍ ഗവര്‍ണര്‍ പറയും. അഞ്ച് വര്‍ഷത്തിനപ്പുറം ഒരു സര്‍ക്കാറിന് തുടരാനാകില്ലെന്നാണ് ഭരണഘടന വ്യക്തമാക്കുന്നത്. സാങ്കേതികമായി പറഞ്ഞാല്‍, മമത രാജിവെക്കണമെന്നില്ല. മെയ് ആറ് ആകുന്നതോടെ സ്വാഭാവികമായി അവരുടെ മുഖ്യമന്ത്രി പദവി ഇല്ലാതാവുകയാണ്’ -അദ്ദേഹം പറഞ്ഞു. മമതയുടെ എതിര്‍പ്പ് ഒരു മാറ്റവും ഉണ്ടാക്കില്ലെന്ന് മുതിര്‍ന്ന അഭിഭാഷകനായ ശേഖര്‍ നഫാഡേ ചൂണ്ടിക്കാട്ടുന്നു. ഗവര്‍ണര്‍ക്ക് സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള അധികാരമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മമതക്ക് തെരഞ്ഞെടുപ്പ് ഫലത്തെ എതിര്‍ക്കാനാകുമോ? ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 100 അനുസരിച്ച് തെരഞ്ഞെടുപ്പ് ഫലത്തെ ഹൈക്കോടതിയില്‍ ചോദ്യംചെയ്യാനാകും. റിട്ടേണിങ് ഓഫിസര്‍ ചട്ടങ്ങള്‍ പാലിച്ചില്ല, സ്ഥാനാര്‍ഥികളുടെ അഴിമതി തുടങ്ങിയ കാരണങ്ങള്‍ ഉന്നയിച്ച് കോടതിയെ സമീപിക്കാം. എന്നാല്‍, ഇതും മന്ത്രിസഭയുടെ കാലാവധിയും തമ്മില്‍ യാതൊരു ബന്ധവുമില്ല. അതായത്, മമത തെരഞ്ഞെടുപ്പ് വിധിയെ കോടതിയില്‍ ചോദ്യംചെയ്താലും മുഖ്യമന്ത്രി പദവിയില്‍ തുടരാനാകില്ല. രാജിവെക്കില്ലെന്ന് മമത പറയുന്നത് എന്തുകൊണ്ട്?തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തോറ്റിട്ടില്ലെന്നും ഇപ്പോള്‍ വന്ന ഫലം തെരഞ്ഞെടുപ്പ് പ്രക്രിയയെ കൊള്ളയടിച്ച് നേടിയതാണെന്നുമാണ് മമതയുടെ ആരോപണം. ‘ഞാന്‍ തോറ്റിട്ടില്ല. അതിനാല്‍ രാജ്ഭവനില്‍ പോയി രാജി നല്കാന് തയാറല്ല. ഇങ്ങനെയല്ല ജനാധിപത്യ പ്രക്രിയ പ്രവര്‍ത്തിക്കേണ്ടത്. തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍വിധിയോടെ ഒരു പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചു. ഒരു തെറ്റായ സന്ദേശമാണ് ഇത് ലോകത്തിന് നല്‍കുന്നത്. വൃത്തികെട്ട കളികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കളിച്ചത്. തൃണമൂലിന്റെ യഥാര്‍ഥ എതിരാളി ബിജെപി ആയിരുന്നില്ല, തെരഞ്ഞെടുപ്പ് കമ്മീഷനായിരുന്നു’ -മമത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കനത്ത തിരിച്ചടിയാണ് ഇക്കുറി തൃണമൂല്‍ കോണ്‍ഗ്രസ് നേരിട്ടത്. 15 വര്‍ഷം നീണ്ട തൃണമൂല്‍ ഭരണത്തിന് അവസാനം കുറിച്ചാണ് ബിജെപി വന്‍ വിജയം നേടിയത്. 293 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി 207 സീറ്റ് നേടി ഒറ്റക്ക് കേവലഭൂരിപക്ഷം സ്വന്തമാക്കി. 80 സീറ്റില്‍ ജയിക്കാന്‍ മാത്രമേ തൃണമൂലിന് സാധിച്ചുള്ളൂ. 2021ല്‍ 216 സീറ്റില്‍ ജയിച്ച സ്ഥാനത്താണിത്. സ്വന്തം മണ്ഡലമായ ഭവാനിപൂരില്‍ മമത തോറ്റത് പാര്‍ട്ടിക്ക് ഇരുട്ടടിയായി. മുന്‍ സഹപ്രവര്‍ത്തകനും ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ സുവേന്ദു അധികാരിയാണ് മമതയെ തോല്‍പ്പിച്ചത്.



