Saturday, March 14, 2026
No menu items!
Homeവാർത്തകൾനോര്‍ക്ക കെയര്‍ പ്ലസ് ;പ്രവാസികള്‍ക്ക് ഒരു കോടി രൂപ വരെയുളള പരിരക്ഷ

നോര്‍ക്ക കെയര്‍ പ്ലസ് ;പ്രവാസികള്‍ക്ക് ഒരു കോടി രൂപ വരെയുളള പരിരക്ഷ

ബംഗളൂരു: പ്രവാസി കേരളീയര്‍ക്കായുളള സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയറിന്‍റെ രണ്ടാംഘട്ട എൻറോള്‍മെന്‍റിനും പരിഷ്കരിച്ച നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതിക്കും തുടക്കമായി. പദ്ധതിയുടേയും എൻറോള്‍മെന്‍റിന്‍റെയും ഉദ്ഘാടനവും നോര്‍ക്ക കെയര്‍ പ്ലസ് മൊബൈല്‍ ആപ്ലിക്കേഷനുകളുടെ ലോഞ്ചും നോര്‍ക്ക റൂട്ട്സ് റസിഡന്‍റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. നോര്‍ക്ക കെയര്‍ കൂടുതല്‍ സ്ലാബുകള്‍ ഉള്‍പ്പെടുത്തി വിപുലീകരിക്കണമെന്ന് പ്രവാസി സമൂഹം ആവശ്യപ്പെട്ടതനുസരിച്ചാണ് നോര്‍ക്ക കെയര്‍ പദ്ധതിയെന്നും പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നിലവില്‍ നാലു മാസങ്ങള്‍ക്കകം പതിനായിരത്തോളം പോളിസി ഉടമകള്‍ക്കായി ഇതുവരെ 88 കോടി രൂപയിലധികം ക്ലെയിമിനത്തില്‍ നല്‍കാനായി. ലോകത്ത് പ്രവാസിസമൂഹത്തിനായുളള ഏറ്റവും വലിയ സാമൂഹിക സുരക്ഷ പദ്ധതിയാണ് നോര്‍ക്ക കെയറെന്ന് ചടങ്ങില്‍ ഓണ്‍ലൈനായി അധ്യക്ഷത വഹിച്ചു സംസാരിച്ച നോര്‍ക്ക ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ അജിത് കോളശ്ശേരി അഭിപ്രായപ്പെട്ടു. 18 മുതല്‍ 70 വയസ്സുവരെയുളള സാധുവായ നോര്‍ക്ക പ്രവാസി ഐ.ഡിയോ, സ്റ്റുഡന്‍റ് ഐ.ഡിയോ, എന്‍.ആര്‍.കെ ഐ.ഡിയോ ഉള്ള പ്രവാസി കേരളീയര്‍ക്കാണ് എൻറോള്‍ ചെയ്യാനാകുക. 10 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയുളള പോളിസികളില്‍ പോളിസിഉടമയുടെ ഭാര്യയുടെയോ ഭർത്താവിന്‍റെയോ 80 വയസ്സുവരെയുളള മാതാപിതാക്കളേയും ഉള്‍പ്പെടുത്താനാകും. നോര്‍ക്ക റൂട്ട്സ് വെബ്ബ്സൈറ്റ് സന്ദര്‍ശിച്ചോ (www.norkaroots.kerala.gov.in) നോര്‍ക്ക കെയര്‍ പ്ലസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയോ 2026 ഏപ്രില്‍ 12 വരെ എന്‍ റോള്‍ ചെയ്യാം. ഈ കാലയളവില്‍ എന്‍ റോള്‍ ചെയ്യുന്നവര്‍ക്ക് 2026 ഏപ്രിൽ 15 മുതല്‍ ഒരു വര്‍ഷത്തേക്കാണ് പോളിസി കാലയളവ്. അഞ്ചു ലക്ഷം, 10 ലക്ഷം, 15 ലക്ഷം, 20 ലക്ഷം, 25 ലക്ഷം, 50 ലക്ഷം, ഒരു കോടി രൂപ എന്നിങ്ങനെയുളള ഏഴു വിവിധ സ്ലാബുകളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതാണ് നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതി. നിലവില്‍ നോര്‍ക്ക കെയറില്‍ അംഗമായവര്‍ക്കും നോര്‍ക്ക കെയര്‍ പ്ലസ്സില്‍ (10 ലക്ഷമോ അതിന് മുകളിലോ) ചേരാനാകും. കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 18,000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസികേരളീയര്‍ക്ക് പണരഹിത ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. 2025 സെപ്റ്റംബർ 22 മുതല്‍ നവംബര്‍ 30 വരെ സംഘടിപ്പിച്ച നോര്‍ക്ക കെയര്‍ ആദ്യഘട്ട എന്‍ റോള്‍‍മെന്‍റില്‍ 1,32,000 പ്രവാസികേരളീയ കുടുംബങ്ങളാണ് എന്‍ റോള്‍ ചെയ്തത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം 2025 സെപ്റ്റംബര്‍ 22 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വ്വഹിച്ചത്. മലപ്പുറം നോര്‍ക്ക സെല്ലില്‍ നടന്ന ചടങ്ങില്‍ നോർക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ ഉല്ലാസ് കൃഷ്ണൻ സ്വാഗതവും കോഴിക്കോട് സെന്‍റര്‍ മാനേജർ സി. രവീന്ദ്രൻ നന്ദിയും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments