ടെഹ്റാൻ: ഇറാനെതിരെ പുതിയ നീക്കവുമായി അമേരിക്ക. ഇറാന്റെ ആയുധ നീക്കം തടയാനെന്ന പേരിൽ അമേരിക്ക ദൗത്യ സംഘത്തെ നിയോഗിച്ചു. കര വഴിയും കടൽ വഴിയും ഇറാനിലേക്ക് ആയുധ സാമഗ്രികളും ഉത്പന്നങ്ങളും എത്തുന്നത് തടയുകയാണ് ലക്ഷ്യം. ഇറാന്റെ ആണവ പദ്ധതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ട് കോടി ഡോളർ വരെ പാരിതോഷികം പ്രഖ്യാപിച്ചു കൊണ്ടുള്ള അസാധാരണ പ്രഖ്യാപനവും യുഎസ് സെൻട്രൽ കമാൻഡ് നടത്തി.ഒരു ഭാഗത്ത് യുദ്ധം അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ്, മറുഭാഗത്ത് ഇറാനെ പ്രകോപിപ്പിക്കുന്ന പ്രഖ്യാപനങ്ങൾ അമേരിക്ക നടത്തുന്നത്. ആണവ പദ്ധതികൾ, സ്ഥലം, പിന്നിലുള്ള വ്യക്തികൾ തുടങ്ങിയ വിവരം നൽകുന്നവർക്ക് വൻ പാരിതോഷികമാണ് അമേരിക്ക പ്രഖ്യാപിച്ചത്. അമേരിക്കയുടെ പാരിതോഷിക പ്രഖ്യാപനത്തോട് ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.പല തരത്തിലുള്ള ഉപരോധങ്ങൾക്ക് പിന്നാലെ ഇറാനെ വരിഞ്ഞു മുറുക്കാൻ അയേണ്‍ ഗേറ്റ് എന്ന പേരിൽ ടാസ്ക് ഫോഴ്സിനെ പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്ക. ഇറാനിലേക്ക് കാസ്പിയൻ കടൽ വഴിയും മറ്റും എത്തുന്ന സാമഗ്രികൾ ആയുധ നിർമാണത്തിന് ഉപയോഗിക്കുന്നു എന്നാണ് അമേരിക്കയുടെ ആരോപണം. ഇറാനെതിരായ സാമ്പത്തിക, നാവിക ഉപരോധങ്ങൾക്ക് പുറമെയാണ് പുതിയ ടാസ്ക് ഫോഴ്സ് പ്രഖ്യാപനം. മേഖലയിൽ വലുതെന്തോ സംഭവിക്കാൻ പോകുന്നുവെന്ന പ്രതീതി സൃഷ്ടിക്കുകയാണ് അമേരിക്ക, പല തരത്തിൽ നടക്കുന്ന സമാധാന ചർച്ചകൾ ഇതുവരെ എങ്ങുമെത്തിയിട്ടുമില്ല. അമേരിക്കയുടെ പുതിയ രണ്ട് പ്രഖ്യാപനങ്ങളോട് ഇറാന്റെ പ്രതികരണം എന്തായിരിക്കും എന്നാണ് ഇനി അറിയാനുള്ളത്

