ബാഗ്ദാദ്: പടിഞ്ഞാറൻ ഇറാഖിൽ അമേരിക്കൻ സൈനിക വിമാനം തകർന്നുവീണു. ആക്രമണത്തിൽ അല്ല വിമാനം തകർന്നതെന്ന് യുഎസ്. ഇന്ധനം നിറയ്ക്കുന്ന കെസി-135 സൈനിക വിമാനമാണ് തകർന്നുവീണത്. രക്ഷാപ്രവർത്തനം ആരംഭിച്ചെന്ന് അമേരിക്ക അറിയിച്ചു. അതേസമയം ഗൾഫ് മേഖലയിലേക്ക് ഇറാന്റെ ആക്രമണം തുടരുകയാണ്. ഒമാനിൽ വീണ്ടും ഡ്രോൺ ആക്രമണ ശ്രമം നടന്നു. ബഹ്റൈൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ ആക്രമണം നടത്തി. അറേബ്യൻ ഗൾഫിലും ഹോർമൂസ് കടലിടുക്കിലും ഒമാൻ കടലിലും സാഹചര്യം അതീവ ഗുരുതരമെന്ന് യു.കെ മാരിടൈം ഏജൻസി അറിയിച്ചു.
അതിനിടെ ഭീഷണിയുമായി ഡോണൾഡ് ട്രംപ് രംഗത്തെത്തി. സംഘർഷം രൂക്ഷമാക്കാൻ തീരുമാനിച്ചാൽ ഇറാന്റെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന് ട്രംപ് പറഞ്ഞു. ഒരു മണിക്കൂറിനുള്ളിൽ അത് നടപ്പാക്കാൻ യുഎസിന് സാധിക്കുമെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങളെ ആക്രമിച്ചാൽ മേഖലയിലെ വൈദ്യുതി ഗ്രിഡുകളെയാകെ ആക്രമിക്കുമെന്നാണ് ഇറാന്റെ മറുപടി



