വാഷിംഗ്ടൺ: ഇറാനുമായുള്ള സൈനിക സംഘർഷം എത്രകാലം നീണ്ടുനിൽക്കുമെന്ന കാര്യത്തിൽ ആദ്യമായി വ്യക്തത വരുത്തി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാനെതിരെയുള്ള യുഎസ് സൈനിക നടപടികൾ ഏകദേശം നാല് ആഴ്ചയോളം നീണ്ടുനിന്നേക്കാമെന്ന സൂചനയാണ് അദ്ദേഹം നൽകിയത്. ഡെയ്‌ലി മെയിലിന് നൽകിയ ഹ്രസ്വമായ ടെലിഫോൺ അഭിമുഖത്തിലാണ് വൈറ്റ് ഹൗസിന്റെ ഭാവി പദ്ധതികളെക്കുറിച്ച് ട്രംപ് മനസ് തുറന്നത്. ഇറാൻ ശക്തമായ ഒരു രാജ്യമാണെങ്കിലും ഈ പ്രക്രിയ നാല് ആഴ്ചയോ അതിൽ കുറവോ സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് താൻ കരുതുന്നതെന്ന് ട്രംപ് വ്യക്തമാക്കി.
അമേരിക്കയുടെ സൈനിക ക്യാമ്പയിൻ എത്രത്തോളം ആസൂത്രിതമാണെന്ന് വ്യക്തമാക്കുന്നതാണ് പ്രസിഡന്‍റിന്‍റെ ഈ പരാമർശങ്ങൾ. ന്യൂയോർക്ക് ടൈംസിന് നൽകിയ മറ്റൊരു അഭിമുഖത്തിലും ഇതേ നിലപാട് അദ്ദേഹം ആവർത്തിച്ചു. അമേരിക്കയും ഇസ്രായേലും നിലവിൽ തുടരുന്ന ആക്രമണങ്ങൾ എത്രനാൾ തുടരുമെന്ന ചോദ്യത്തിന് നാല് മുതൽ അഞ്ച് ആഴ്ച വരെയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് ട്രംപ് മറുപടി നൽകി. ഈ ദൗത്യം അമേരിക്കയ്ക്ക് അത്ര പ്രയാസകരമാകില്ലെന്നും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ആവശ്യത്തിന് ആയുധശേഖരം അമേരിക്ക കരുതിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന ആഴ്ചകൾ പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ അതീവ നിർണ്ണായകമാകുമെന്നാണ് ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്



