ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് ഇസ്രയേലിലേക്ക് തിരക്കും. ഒമ്പതു മണിക്ക് ഇസ്രയേലിലേക്ക് തിരിക്കുന്ന മോദിക്ക് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ നേതൃത്വത്തിൽ സ്വീകരണം നല്കും. ബെഞ്ചമിൻ നെതന്യാഹുവുമായി മോദി ചർച്ച നടത്തും. ഇസ്രയേൽ പാർലമെന്‍റിനെ പ്രധാനമന്ത്രി ഇന്ത്യൻ സമയം ഇന്ന് രാത്രി എട്ടു മണിക്ക് അഭിസംബോധന ചെയ്യും.നാളെ രണ്ടു രാജ്യങ്ങൾക്കും ഇടയിലെ ഉഭയകക്ഷി ചർച്ച നടക്കും. സൈനിക, വ്യാപാര മേഖലകളിലെ സഹകരണത്തിനുള്ള കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പു വയ്ക്കും. പ്രത്യേക പലസ്തീൻ രാഷ്ട്രം എന്ന നിലപാട് ചർച്ചകളിൽ ആവർത്തിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
ബെഞ്ചമിൻ നെതന്യാഹുവുമായുള്ള ഭിന്നത കാരണം ഇസ്രയേലിലെ പ്രതിപക്ഷം പ്രസംഗം ബഹിഷ്ക്കരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തെ സ്വാഗതം ചെയ്ത് ഇസ്രയേൽ പ്രതിപക്ഷ നേതാവ് യായിർ ലാപിഡ്. നരേന്ദ്ര മോദിയെ സ്വീകരിക്കാൻ ഇസ്രയേലാകെ ഉത്സാഹത്തോടെ കാത്തിരിക്കുന്നുവെന്ന് ലാപിഡ് എക്സിൽ കുറിച്ചു. ഇസ്രയേലിന്‍റെ യഥാർത്ഥ സുഹൃത്താണ് മോദിയെന്നും ആഴത്തിലുള്ള സൗഹൃദമാണ് രണ്ടു രാജ്യങ്ങൾക്കും ഇടയിലെന്ന് ലാപിഡ് പറഞ്ഞു. ഇസ്രയേൽ പാർലമെൻറിലെ മോദിയുടെ പ്രസംഗം ബഹിഷ്ക്കരിക്കേണ്ടി വരുമെന്ന് നേരത്തെ ലാപിഡ് പറഞ്ഞിരുന്നു. ബെഞ്ചമിൻ നെതന്യാഹു സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ പ്രസംഗം കേൾക്കാൻ ക്ഷണിക്കാത്തതിലായിരുന്നു ഭിന്നത നിലനിന്നിരുന്നത്



