മരങ്ങാട്ടുപിള്ളി:മരങ്ങാട്ടുപിള്ളി പുക്കാനാൽ ഭാഗം മുതൽ ആണ്ടൂർ വരെ നീളുന്ന വലിയതോട്ടിൽ മണ്ണും ചെളിയും മാലിന്യങ്ങളും അടിഞ്ഞുകൂടി നീരൊഴുക്ക് തടസ്സപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ, തോടിന്റെ ആഴം വർധിപ്പിച്ച് വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മരങ്ങാട്ടുപിള്ളി യൂണിറ്റ് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു.
മഴക്കാലത്ത് തോട് കരകവിഞ്ഞൊഴുകുന്നത് പതിവായതോടെ സമീപ പ്രദേശങ്ങളിലെ കൃഷികൾക്ക് വലിയ നാശനഷ്ടം സംഭവിക്കുന്നതായി സമ്മേളനം ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് എ.എസ്. ചന്ദ്രമോഹനൻ അവതരിപ്പിച്ച പ്രമേയം സമ്മേളനം ഐകകണ്ഠ്യേന പാസാക്കി.
മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ ഒഴുകി മീനച്ചിലാറ്റിൽ ചേരുന്ന പ്രധാന ജലസ്രോതസ്സായ വലിയതോട്ടിന്റെ ഇരുവശങ്ങളിലും വളർന്നുകിടക്കുന്ന കാടും കൈതച്ചെടികളും നീരൊഴുക്കിന് സ്ഥിരം തടസ്സമാണെന്നും, ഒരുകാലത്ത് തെളിനീരൊഴുകിയിരുന്ന തോട് അഴുക്കുചാലായി മാറുന്ന സ്ഥിതി ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യമാണെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.
ആണ്ടൂർ ദേശീയ വായനശാല ഹാളിൽ കെ.വി. രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി അംഗം ജിസ് ജോസഫ് ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തിൽ പുതിയ ഭാരവാഹികളായി
ഡോ. പി.എൻ. ഹരിശർമ്മ (പ്രസിഡന്റ്),
വി. സുധാമണി (വൈസ് പ്രസിഡന്റ്),
സ്മിത ശ്യാം (സെക്രട്ടറി),
കെ.കെ. നാരായണൻ (ജോയിന്റ് സെക്രട്ടറി),
പി.വി. ഗോപാലകൃഷ്ണൻ (ട്രഷറർ)
എന്നിവരെ തെരഞ്ഞെടുത്തു



