തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗ് ഇന്ന്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കുക. രാവിലെ 11 മണിക്കാണ് ഉദ്ഘാടനം. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എംപിമാരും ചടങ്ങില്‍ പങ്കെടുക്കും. കനത്ത സുരക്ഷയിലാണ് തലസ്ഥാനം. ഇന്നലെ രാത്രിയാണ് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തിയത്. ശേഷം രാജ്ഭവനില്‍ തങ്ങിയ പ്രധാനമന്ത്രി ഇന്ന് രാവിലെ പാങ്ങോട് സൈനിക കേന്ദ്രത്തില്‍ നിന്നും ഹെലികോപ്റ്ററിലാണ് വിഴിഞ്ഞം തുറമുഖത്തെത്തുക. പ്രധാനമന്ത്രിയെ എം എസ് എസി സെലസ്റ്റിനോ മറെ സ്‌കാ എന്ന കൂറ്റന്‍ മദര്‍ ഷിപ്പാകും സ്വീകരിക്കുക. പ്രധാനമന്ത്രി ബര്‍ത്തിലെത്തി മദര്‍ഷിപ്പിനെ സ്വീകരിക്കും. പോര്‍ട്ട് ഓപ്പറേഷന്‍ സെന്റര്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. വിഴിഞ്ഞം തുറമുഖത്തൊരുക്കിയ പ്രത്യേക വേദിയിലാണ് പരിപാടി നടക്കുന്നത്. എസ്പിജി സംഘത്തെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. കടലിലും പ്രത്യേക സുരക്ഷ ഒരുക്കും.
തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. രാവിലെ 6.30 മുതൽ ഉച്ചയ്ക്ക് 2.00 മണി വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളിലും സമീപമുള്ള ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. അത്തരത്തിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുന്നതുമാണ്.
റൂട്ടിന് തൊട്ടുമുമ്പായി പ്രധാന റോഡിൽ വന്നു ചേരുന്ന ഇടറോഡുകളിലെ വാഹന ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തുന്നതും ഗതാഗതം വഴിതിരിച്ചു വിടുന്നതുമാണ്. ഗതാഗത ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിലേക്ക് 9497930055, 04712558731 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.



