ഡൽഹി: 2025 ജനുവരി ഒന്നുമുതൽ റേഷൻ വിതരണ സംവിധാനത്തിൽ മാറ്റങ്ങളുണ്ടാകും. ഇതിനോടൊപ്പം റേഷൻ ഇടപാടിൽ കേന്ദ്ര സർക്കാർ സുപ്രധാന മാറ്റങ്ങളും നിർദേശങ്ങളും വരുത്തിയിട്ടുണ്ട്. ജനുവരി ഒന്നു മുതൽ റേഷൻ കാർഡ് സ്കീമിന് കീഴിൽ സർക്കാർ പുതിയ നിയമങ്ങൾ നടപ്പിലാക്കും. റേഷൻ വിതരണ സംവിധാനം പൂർണമായും സുതാര്യമാക്കുക എന്നതാണ് ലക്ഷ്യം. റേഷൻ കാർഡ് സൗകര്യങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാനും അർഹരായവരിലേക്ക് മാത്രം റേഷൻ എത്തുകയെന്ന ലക്ഷ്യവും മുൻനിർത്തിയാണ് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സർക്കാർ ഇ കെവൈസി നിർബന്ധമാക്കിയത്.
റേഷൻ കാർഡ് ഉടമകൾ ഇ കെവൈസി പൂർത്തിയാക്കണം. കൃത്യസമയത്ത് ഇ കെവൈസി പൂർത്തിയാക്കാത്തവരുടെ പേര് റേഷൻ കാർഡ് ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യും. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഇ കെവൈസി അപ്ഡേഷൻ നടപടികളുമായി മുന്നോട്ട് പോകുകയാണ്. കേരളത്തിലെ മുൻഗണനാ കാർഡ് അംഗങ്ങളുടെ മസ്റ്ററിങ് നടപടികൾക്കായി സംസ്ഥാന സർക്കാർ സമയപരിധി നീട്ടി നൽകിയിരുന്നു. പുതിയ നിയമങ്ങൾ പ്രകാരം മുൻപ് ലഭിച്ചിരുന്ന അതേ അളവിൽ റേഷൻ എല്ലാവർക്കും ലഭ്യമാകില്ല. പുതിയ നിയമമനുസരിച്ച് 2.5 കിലോ അരിയും 2.5 കിലോ ഗോതമ്പും ലഭിക്കും. നേരത്തെ മൂന്ന് കിലോ അരിയും രണ്ട് കിലോ ഗോതമ്പും ലഭിച്ചിരുന്നെങ്കിൽ ഇത് രണ്ട് കിലോ ഗോതമ്പും രണ്ടര കിലോ അരിയുമായി കുറയും.
അതേസമയം നേരത്തെ 5 കിലോ റേഷൻ ലഭിച്ചിരുന്നുവെങ്കിൽ അരക്കിലോ ഗോതമ്പ് അധികമായി ലഭിക്കും. അന്ത്യോദയ റേഷൻ കാർഡ് ഉടമകൾക്ക് 35 കിലോ റേഷൻ ലഭിച്ചിരുന്നു. 14 കിലോ ഗോതമ്പും 21 കിലോ അരിയുമായിരുന്നു ലഭിച്ചിരുന്നതെങ്കിൽ ഇനി അന്ത്യോദയ കാർഡിൽ 18 കിലോ അരിയും 17 കിലോ ഗോതമ്പുമാകും ലഭിക്കുക.



