Tuesday, March 24, 2026
No menu items!
Homeവാർത്തകൾഎലിവിഷം വച്ച മുറിയില്‍ കിടന്നുറങ്ങിയ രണ്ട് കുട്ടികള്‍ മരിച്ചു, മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍

എലിവിഷം വച്ച മുറിയില്‍ കിടന്നുറങ്ങിയ രണ്ട് കുട്ടികള്‍ മരിച്ചു, മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍

ചെന്നൈ: എലിവിഷം വച്ച മുറിയില്‍ മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങിയ രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം. ചെന്നൈയ്ക്കുസമീപത്തായിരുന്നു സംഭവം. ആറ് വയസുകാരി വൈഷ്ണവിയും ഒരു വയസുള്ള സായി സുധർശനുമാണ് മരിച്ചത്. ഇവരുടെ മാതാപിതാക്കളായ ഗിരിധരൻ, പവിത്ര എന്നിവർ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

ബാങ്ക് മാനേജരാണ് ഗിരിധരൻ. ഇവരുടെ വീട്ടില്‍ എലിശല്യം രൂക്ഷമാണ്. ശല്യം സഹിക്കാൻ കഴിയാതെ വന്നതോടെ ഗിരിധരൻ കീടനാശിനി കമ്ബനിയുടെ സഹായം തേടിയിരുന്നു. ഇന്നലെ വൈകിട്ട് വീട്ടിലെത്തിയ കമ്ബനി പ്രതിനിധികള്‍ എലിയെ നശിപ്പിക്കാനെന്നുപറഞ്ഞ് എലിവിഷം കിടപ്പുമുറിയില്‍ ഉള്‍പ്പെടെ പലയിടത്തായി പൊടിച്ചിടുകയും സ്‌പ്രേചെയ്യുകയും ചെയ്തു.

ഇത് കാര്യമാക്കാതെ രാത്രി മുറിയിലെ എ സി പ്രവർത്തിപ്പിച്ച്‌ നാലുപേരും കിടന്നുറങ്ങി. നേരം വെളുത്തിട്ടും ആരെയും പുറത്തുകാണാത്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് നാലുപേരെയും അവശനിലയില്‍ കണ്ടെത്തിയത്. ഉടൻതന്നെ എല്ലാവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടികളുടെ ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തിക്കുന്നതിനുമുമ്ബുതന്നെ ഇരുവരും മരിച്ചിരുന്നു. മാതാപിതാക്കള്‍ അപകടനില തരണം ചെയ്തിട്ടില്ല എന്നാണ് റിപ്പോർട്ട്.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഫോറൻസിക് വിദഗ്ദരുള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി. കുട്ടികള്‍ മരിച്ചതോടെ കീടനാശിനി കമ്ബനിയുടെ ഉടമ ഒളിവില്‍പ്പോയിരിക്കുകയാണ്. കമ്ബനിയുമായി ബന്ധപ്പെട്ട ഒരാള്‍ അറസ്റ്റിലായി എന്ന് റിപ്പോർട്ടുണ്ട്. വിഷത്തിലെ രാസവസ്തുക്കള്‍ കലർന്ന വായു ശ്വസിച്ചതാവാം മരണകാരണമെന്നാണ് കരുതുന്നത്.

ആലപ്പുഴയില്‍, എലിവിഷം പുരട്ട‌ിവച്ചിരുന്ന തേങ്ങാപ്പൂള്‍ അബദ്ധത്തില്‍ കഴിച്ച വിദ്യാർത്ഥിനി അടുത്തിടെ മരിച്ചിരുന്നു. തകഴി കല്ലേപ്പുറത്ത് മണിക്കുട്ടി എന്ന പതിനഞ്ചുകാരിയാണ് മരിച്ചത്. എലികള്‍ കടുത്ത ശല്യമായതോടെ അവയെ തുരത്താൻ വീട്ടുകാർ തേങ്ങാപ്പൂളില്‍ വിഷം ചേർത്ത് വച്ചിരുന്നു. ഇതറിയാതെ സ്കൂളില്‍ നിന്ന് വീട്ടിയെത്തിയ മണിക്കുട്ടി തേങ്ങാപ്പൂള്‍ എടുത്ത് കഴിക്കുകയായിരുന്നു. ആ സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. കുട്ടിയുടെ മുത്തശ്ശിക്ക് റാബീസ് വാക്സിനെടുത്തതിനെത്തുടർന്ന് ചലനശേഷി നഷ്ടപ്പെട്ടിരുന്നു. വീട്ടുകാർ ഇതിന്റെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പോയ നേരത്തായിരുന്നു സംഭവം. അവശനിലയിലായ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments