Wednesday, July 9, 2025
No menu items!
Homeആരോഗ്യ കിരണംസംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് സംവിധാനം സജ്ജമായി: മന്ത്രി വീണാ ജോർജ്

സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് സംവിധാനം സജ്ജമായി: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജുകളിലെ 17 സ്ഥാപനങ്ങൾ കൂടാതെ 22 ജില്ല/ജനറൽ ആശുപത്രികൾ, 26 താലൂക്ക് ആശുപത്രികൾ, 36 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 487 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 50 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 10 സ്‌പെഷ്യാലിറ്റി ആശുപത്രികൾ, 2 പബ്ലിക് ഹെൽത്ത് ലാബുകൾ, 3 മറ്റ് ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ഇ ഹെൽത്ത് നടപ്പിലാക്കിയത്.

80 താലൂക്ക്, ജില്ല, ജനറൽ ആശുപത്രികളിൽ കൂടി ഇ ഹെൽത്ത് സംവിധാനം വഴി ഓൺലൈൻ അപ്പോയിൻമെൻ്റ് എടുക്കുവാനുള്ള സംവിധാനം അന്തിമ ഘട്ടത്തിലാണ്. മുഴുവൻ ആശുപത്രികളും ഇ ഹെൽത്ത് സംവിധാനം നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഇ ഹെൽത്ത് സംവിധാനം വൻ വിജയമാണ്. ഇതുവരെ 1.93 കോടിയിലധികം ജനങ്ങൾ ഇ ഹെൽത്തിലൂടെ സ്ഥിര യു.എച്ച്.ഐ.ഡി. രജിസ്‌ട്രേഷൻ എടുത്തു. താത്ക്കാലിക രജിസ്ട്രേഷനിലൂടെ 5.24 കോടിയിലധികമാണ് ചികിത്സ തേടിയത്. 11.84 ലക്ഷം പേരാണ് ഇ ഹെൽത്ത് സംവിധാനത്തിലൂടെ അഡ്മിറ്റായി ചികിത്സ തേടിയത്. 2.78 കോടിയിലധികം പ്രീ ചെക്കപ്പ്, 6.85 കോടിയിലധികം ഡയഗ്‌നോസിസ്, 4.44 കോടിയിലധികം പ്രിസ്‌ക്രിപ്ഷൻ, 1.50 കോടിയിലധികം ലാബ് പരിശോധനകൾ എന്നിവയും ഇ ഹെൽത്തിലൂടെ നടത്തി. ഇ ഹെൽത്തിലൂടെ ഓൺലൈൻ ഒപി ടിക്കറ്റും പേപ്പർ രഹിത ആശുപത്രി സേവനങ്ങളും ലഭ്യമാകുന്നു എന്നതാണ് പ്രധാന പ്രത്യേകത. ആശുപത്രിയിൽ ക്യൂ നിൽക്കാതെ നേരത്തെ തന്നെ ഒപി ടിക്കറ്റ് എടുക്കാൻ കഴിയുന്നു എന്നതും ഈ സംവിധാനത്തിന്റെ പ്രത്യേകത. വീണ്ടും ചികിത്സ തേടണമെങ്കിൽ ആശുപത്രിയിൽ നിന്നും തന്നെ അഡ്വാൻസ് ടോക്കൺ എടുക്കാനുള്ള സംവിധാനവും സജ്ജമാണ്. ഇതിലൂടെ കാത്തിരിപ്പ് വളരെ കുറയ്ക്കാനാകും.

ഇ ഹെൽത്ത് വഴിയുള്ള സേവനങ്ങൾ ലഭിക്കുവാൻ ആദ്യമായി തിരിച്ചറിയിൽ നമ്പർ സൃഷ്ടിക്കണം. അതിനായി https://ehealth.kerala.gov.in എന്ന പോർട്ടലിൽ കയറി രജിസ്റ്റർ ലിങ്ക് ക്ലിക്ക് ചെയ്യണം. അതിൽ ആധാർ നമ്പർ നൽകുക. തുടർന്ന് ആധാർ രജിസ്റ്റർ ചെയ്ത നമ്പരിൽ ഒടിപി വരും. ഈ ഒടിപി നൽകുമ്പോൾ ഓൺലൈൻ വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പർ ലഭ്യമാകും. ഇത് പോർട്ടൽ വഴി ഡൌൺലോഡ് ചെയ്യാവുന്നതാണ്.

ആദ്യതവണ ലോഗിൻ ചെയ്യുമ്പോൾ ഇത്തരത്തിലുള്ള 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പറും പാസ് വേർഡും മൊബൈലിൽ മെസേജായി ലഭിക്കും. ഈ തിരിച്ചറിയൽ നമ്പറും പാസ് വേർഡും ഉപയോഗിച്ച് ആശുപത്രികളിലേക്കുള്ള നിശ്ചിത തീയതിയിലും സമയത്തുമുള്ള അപ്പോയ്‌മെന്റ് എടുക്കാൻ സാധിക്കും

ഒരു വ്യക്തിക്ക് ലഭിച്ച തിരിച്ചറിയൽ നമ്പരും പാസ് വേർഡും ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്ത ശേഷം ന്യൂ അപ്പോയ്‌മെന്റ് ക്ലിക്ക് ചെയ്യുക. റെഫറൽ ആണെങ്കിൽ ആ വിവരം രേഖപ്പെടുത്തിയ ശേഷം ആശുപത്രി വിവരങ്ങളും ഡിപ്പാർട്ട്‌മെന്റും തെരഞ്ഞെടുക്കുക. തുടർന്ന് അപ്പോയ്‌മെന്റ് വേണ്ട തീയതി തെരഞ്ഞെടുക്കുമ്പോൾ ആ ദിവസത്തിൽ ലഭ്യമായ ടോക്കണുകൾ ദൃശ്യമാകും.

രോഗികൾ അവർക്ക് സൗകര്യപ്രദമായ സമയമനുസരിച്ചുള്ള ടോക്കൺ എടുക്കാവുന്നതാണ്. തുടർന്ന് ടോക്കൺ പ്രിന്റും എടുക്കാവുന്നതാണ്. ടോക്കൺ വിവരങ്ങൾ എസ്.എം.എസ്. ആയും ലഭിക്കുന്നതാണ്. ഇത് ആശുപത്രിയിൽ കാണിച്ചാൽ മതിയാകും. പോർട്ടൽ വഴി അവരുടെ ചികിത്സാവിവരങ്ങൾ, ലാബ് റിസൾട്ട്, പ്രിസ്‌ക്രിപ്ഷൻ എന്നിവ ലഭ്യമാവുന്നതാണ്. സംശയങ്ങൾക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിൽ വിളിക്കാവുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments