ചങ്ങനാശ്ശേരി പുതൂര്‍പളളിയുടെ ഭരണഘടന പുതുക്കി മുസ്‌ലിം സമുദായത്തിലെ എല്ലാ വിശ്വാസികള്‍ക്കും പള്ളിയുടെ അംഗത്വമെടുക്കുന്നതിനും വോട്ടിങ് നടപടിക്രമങ്ങള്‍ക്കും ഭാഗമാകാമെന്ന് തീരുമാനം. കൊച്ചി കലൂരിലെ വഖഫ് ബോര്‍ഡ് ഓഫീസില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണ് തീരുമാനം. വിഷയത്തില്‍ വിവിധ പരാതികളിന്മേല്‍ നിയമനടപടികള്‍ തുടരുന്നതിനിടെയാണ് പള്ളിഭാരവാഹികളും പരാതിക്കാരും തമ്മില്‍ പ്രശ്നം ഒത്തുതീര്‍പ്പായത്.
പുതൂർ മുസ്‌ലിം ജമാഅത്തില്‍ വിവേചനമുള്ളതായി കഴിഞ്ഞ വര്‍ഷം ജൂലൈ ആദ്യത്തിലാണ് പരാതിയുയർന്നത്. മുസ്ലീം സമുദായത്തിലെ തന്നെ ചില വിഭാഗങ്ങള്‍ക്ക് പൊതുയോഗത്തില്‍ പ്രവേശനമില്ലെന്നും യോഗത്തില്‍ പങ്കെടുത്ത തനിക്ക് നോട്ടീസ് നല്‍കിയെന്നും നാട്ടുകാരനായ ഒരാൾ പരാതിപ്പെട്ടിരുന്നു. ഇത് വിവാദമായതോടെ വിഷയത്തില്‍ വഖഫ് ബോര്‍ഡ് ഇടപെടുകയായിരുന്നു.



