Tuesday, April 28, 2026
No menu items!
Homeവാർത്തകൾഹുർമുസ് കടലിടുക്ക് എത്രയും വേഗം തുറക്കണമെന്ന് ഐക്യരാഷ്ട്രസഭ.

ഹുർമുസ് കടലിടുക്ക് എത്രയും വേഗം തുറക്കണമെന്ന് ഐക്യരാഷ്ട്രസഭ.

ന്യൂയോർക്ക്: ഗൾഫ് മേഖലയിലെ യുഎസ്-ഇറാൻ സംഘർഷത്തെത്തുടർന്ന് അടച്ചിട്ടിരിക്കുന്ന ഹുർമുസ് കടലിടുക്ക് എത്രയും വേഗം തുറക്കണമെന്ന് ഐക്യരാഷ്ട്രസഭ. കടലിടുക്കിലെ ഉപരോധം ആഗോള ഊർജ്ജ സുരക്ഷയെയും ഭക്ഷണലഭ്യതയെയും വ്യാപാരത്തെയും ഗുരുതരമായി ബാധിച്ചിരിക്കുകയാണെന്നും ഇതിൻ്റെ പ്രത്യാഘാതം ലോകം മുഴുവൻ അനുഭവിക്കുകയാണെന്നും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. തിങ്കളാഴ്ച യു.എൻ രക്ഷാസമിതിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ ആശങ്ക പങ്കുവെച്ചത്. സമുദ്രപാതകൾ വഴിയുള്ള സഞ്ചാരസ്വാതന്ത്ര്യം സാമ്പത്തികവും മാനുഷികവുമായ അനിവാര്യതയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കപ്പലുകളിൽ നിന്ന് പ്രത്യേക ടോൾ ഈടാക്കാതെയും യാതൊരുവിധ വിവേചനമില്ലാതെയും കടലിടുക്ക് തുറന്നുനൽകാൻ ബന്ധപ്പെട്ട കക്ഷികൾ തയ്യാറാകണമെന്നും ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. സമുദ്രപാതകളിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം. ഇത് സാമ്പത്തികമായ ആവശ്യം എന്നതിലുപരി ഒരു മാനുഷിക പരിഗണന കൂടിയാണെന്നും ഗുട്ടെറസ് വ്യക്തമാക്കി.അതേസമയം, ഹുർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് പണം ഈടാക്കാനോ പാതയുടെ നിയന്ത്രണം ഏറ്റെടുക്കാനോ ഉള്ള ഇറാന്റെ നീക്കത്തെ അമേരിക്ക ശക്തമായി എതിർത്തു. ഇതൊരു അന്താരാഷ്ട്ര സമുദ്രപാതയാണെന്നും അതിന്മേൽ അധികാരം സ്ഥാപിക്കാനുള്ള ഇറാന്റെ ശ്രമം അംഗീകരിക്കാനാവില്ലെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. ഇതിനിടെ ഇറാൻ മുന്നോട്ട് വെച്ച ഉപാധികളിൽ ആണവായുധം ഉൾപ്പെടാത്തതിൽ ട്രംപ് അതൃപ്തി പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. അതേസമയം ഇറാൻ തുറമുഖങ്ങളിൽ ഏർപ്പെടുത്തിയ യു.എസ് നാവികസേനയുടെ ഉപരോധം തുടരുകയാണ്. ഇറാൻ തുറമുഖങ്ങളെ ലക്ഷ്യമാക്കി സഞ്ചരിക്കുന്ന കപ്പലുകളെ അമേരിക്കൻ നാവികസേന പിടിച്ചെടുക്കുന്നുണ്ട്. ഇത് ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കില്ലെന്നും അമേരിക്കയുടേത് വെറും ‘കടൽക്കൊള്ളയും സായുധ കവർച്ചയുമാണെന്ന്’ ഇറാനിയൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.അമേരിക്കയുമായുള്ള യുദ്ധത്തെ തുടർന്ന് ഇറാൻ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം ആഗോള വിപണിയിൽ എണ്ണവില വർദ്ധനവിനും മറ്റ് സാമ്പത്തിക പ്രതിസന്ധികൾക്കും കാരണമാകുമെന്ന ആശങ്ക നിലനിൽക്കെയാണ് യു.എസ് നാവികസേനയുടെ പ്രകോപനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments