Sunday, July 19, 2026
No menu items!
Homeവാർത്തകൾസോനം വാങ്‌ചുക് ചികിത്സ നിരസിച്ചു; ഭക്ഷണം കഴിക്കാതിരിക്കുന്നത് ആരോഗ്യനില കൂടുതൽ വഷളാക്കുമെന്ന് ഡോക്ടർമാർ

സോനം വാങ്‌ചുക് ചികിത്സ നിരസിച്ചു; ഭക്ഷണം കഴിക്കാതിരിക്കുന്നത് ആരോഗ്യനില കൂടുതൽ വഷളാക്കുമെന്ന് ഡോക്ടർമാർ

ന്യൂഡൽഹി: സിജെപി സമരപ്പന്തലിൽ നിന്ന് ഡൽഹി പൊലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയ സോനം വാങ്‌ചുക് ചികിത്സ നിരസിച്ചു. തന്നെ എത്രയും വേഗം വിട്ടയക്കണമെന്നും വാങ്ചുക്ക് ആവശ്യപ്പെട്ടതായാണ് വിവരം. എന്നാൽ, ഭക്ഷണം കഴിക്കാതിരിക്കുന്നത് ആരോഗ്യനില കൂടുതൽ വഷളാക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് സോനം വാങ്ചുക്കിനെ ജന്ദർ മന്തറിലെ സമരപ്പന്തലിൽ നിന്ന് പൊലീസ് ബലമായി അറസ്റ്റ് ചെയ്തുകൊണ്ടുപോയത്.

വാങ്ചുക്കിനെ അറസ്റ്റ് ചെയ്തത് പൊലീസിന്‍റെ തെറ്റായ നടപടിയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. മോദി സർക്കാരിന്‍റെ കാതലായ തത്വങ്ങൾ അസത്യവും ഹിംസയുമാണെന്നും വിഷയങ്ങൾ ഉന്നയിക്കുന്നതിൽ നിന്ന് ഒരു ശക്തിക്കും തങ്ങളെ പിന്തിരിപ്പിക്കാനാകില്ലെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇന്നലെ രാവിലെയാണ് ജന്ദർ മന്തറിലെത്തിയ ഡൽഹി പൊലീസ് വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയത്. തുടർന്ന് സിജെപി പ്രവർത്തകരെയും സ്ഥലത്ത് നിന്ന് മാറ്റാൻ പൊലീസ് ശ്രമം നടത്തുകയുണ്ടായി. പിന്നാലെ വലിയ സംഘർഷമാണ് പ്രദേശത്തുണ്ടായത്. ഡൽഹി ഹൈക്കോടതിയുടേയും ആരോഗ്യവിദഗ്ധരുടെയും നിർദേശപ്രകാരമാണ് സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് പൊലീസിന്‍റെ വിശദീകരണം. മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ പരിഗണിക്കും വരെ നിരാഹാര സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വാങ്ചുക് പറഞ്ഞിരുന്നു. ജൂലൈ 20-ന് പാര്‍ലമെന്റിലേക്ക് സിജെപി നടത്താന്‍ നിശ്ചയിച്ച മാര്‍ച്ചില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. വാങ്ചുക്കിന് അടിയന്തര വൈദ്യസഹായം നല്‍കണമെന്ന് നേരത്തെ ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ആരോഗ്യസ്ഥിതി നിരീക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു. അതേസമയം വാങ്ചുക്കിനെ ബലപ്രയോഗത്തിലൂടെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്കെ നിരാഹാര സമരം ഏറ്റെടുത്തു. അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചതായി ദീപ്കെ എക്സിലൂടെ അറിയിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments