തൃശൂര്‍: സംസ്ഥാനത്ത് രാവിലെയുണ്ടായ അതിശക്തമായ മഴയില്‍ നിരവധി താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. തൃശൂര്‍ നഗരത്തില്‍ പെയ്ത തോരാമഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. പ്രധാന നിരത്തുകളെല്ലാം മുങ്ങി. വീടുകളില്‍ വെള്ളം ഇരച്ചുകയറി. ഇതോടെ ജനം ദുരിതത്തിലായി
നഗരഹൃദയമായ പാട്ടുരായ്ക്കല്‍ അശ്വിനി ഹോസ്പിറ്റലിനു സമീപമുള്ള വീടുകളിലെ ആളുകളെ മുകള്‍ നിലയിലേയ്ക്ക് മാറ്റി. ഹോസ്പിറ്റലിനും വെള്ളക്കെട്ട് ഭീഷണിയുണ്ട്. വെള്ളക്കെട്ടും റോഡിലെ കുഴികളും വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. മലയോര മേഖലയിലെ പല തോടുകളും കരകവിഞ്ഞു. മരോട്ടിച്ചാല്‍ എ യു പി എസ് സ്‌കൂളിലേക്കുള്ള വഴിയില്‍ വെള്ളം കയറി.സമീപത്ത് റോഡ് തകര്‍ന്നു കിടക്കുന്നതിനാല്‍ ഇതുവഴി വാഹന സൗകര്യവും ലഭ്യമല്ല. ഇതോടെ വിദ്യാര്‍ത്ഥികള്‍ വെള്ളക്കെട്ട് നീന്തി സ്‌കൂളിലെത്തേണ്ട ഗതികേടിലാണ്.
എറണാകുളത്തും കനത്ത മഴയില്‍ പലയിടത്തും വെള്ളക്കെട്ട് അനുഭവപ്പെട്ടു. ദേശീയ പാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. കളമശ്ശേരിയില്‍ വീടുകളില്‍ വെള്ളം കയറി. തൃപ്പൂണിക്കുറയിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടാണ്. തൃപ്പൂണിത്തുറ പേട്ടയില്‍ യൂബര്‍ ടാക്‌സി റോഡിന് സമീപത്തെ കാനയിലേക്ക് വീണു. കാനയും റോഡും തിരിച്ചറിയാന്‍ കഴിയാത്ത വെള്ളക്കെട്ടാണ് അപകടത്തിനിടയാക്കിയത്. ഡ്രൈവറെ രക്ഷപ്പെടുത്തി. ഇടുക്കി ജില്ലയിലും ശക്തമായ മഴയാണ്