ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് മുതൽ. ഇരുസഭകളും ചൂടുപിടിച്ച ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വേദിയാകും. ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്‌ക്കെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ഇന്ന് അവതരിപ്പിക്കും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് പ്രമേയം അവതരിപ്പിക്കുക. ദീർഘകാല സൗഹൃദ രാഷ്ട്രമായ ഇറാനെതിരായ കേന്ദ്ര സർക്കാർ നിലപാടും ഇസ്രായേൽ അമേരിക്കൻ വിധേയത്വവും പ്രതിപക്ഷം ചർച്ചയാക്കും. പാചക വാതക വിലവർധനവിന് പിന്നാലെ പെട്രോൾ -ഡീസൽ സ്റ്റോക് സംബന്ധിച്ച ആശങ്കയും ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. വൈദ്യുതി ഭേദഗതി ബിൽ അവതരിപ്പിക്കും മുമ്പ് മാറ്റിവെച്ച ചില പ്രധാന ബില്ലുകളും ഈ ഘട്ടത്തിൽ പാസാക്കിയെടുക്കാനാണ് നീക്കം.



