Sunday, June 21, 2026
No menu items!
Homeവാർത്തകൾശബരിമലയിലെ തീര്‍ഥാടക തിരക്ക് നിയന്ത്രിക്കാന്‍ ഇനി എഐ അധിഷ്ഠിത സംവിധാനവും,ഇത്തവണത്തെ മണ്ഡല-മകരവിളക്ക് കാലത്ത് തന്നെ ഇത്...

ശബരിമലയിലെ തീര്‍ഥാടക തിരക്ക് നിയന്ത്രിക്കാന്‍ ഇനി എഐ അധിഷ്ഠിത സംവിധാനവും,ഇത്തവണത്തെ മണ്ഡല-മകരവിളക്ക് കാലത്ത് തന്നെ ഇത് നടപ്പിലാക്കും

കൊച്ചി: ശബരിമലയിലെ തീര്‍ഥാടക തിരക്ക് നിയന്ത്രിക്കാന്‍ എഐ അധിഷ്ഠിത സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇത്തവണത്തെ മണ്ഡല-മകരവിളക്ക് കാലത്ത് തന്നെ ഇത് നടപ്പിലാക്കാനാണ് തീരുമാനം.പരമ്പരാഗത രീതികള്‍ക്ക് പകരം കൃത്യമായ ഡാറ്റയും സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തി മുന്‍കൂട്ടി കാര്യങ്ങള്‍ പ്രവചിക്കുന്ന രീതിയിലുള്ള സുരക്ഷാ-നിയന്ത്രണ സംവിധാനങ്ങളാണ് വരാന്‍ പോകുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ പറഞ്ഞു. തിരക്ക് നിയന്ത്രിക്കുന്നതിന് എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ പ്രഗത്ഭരായ മൂന്ന് കമ്പനികള്‍ ദേവസ്വം ബോര്‍ഡിനും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മുന്നില്‍ പ്രസന്റേഷന്‍ അവതരിപ്പിച്ചു.ശബരിമല മണ്ഡലകാലത്തിന് ഇനി വെറും 150 ദിവസം മാത്രമാണ് ബാക്കിയുള്ളത് എന്നതിനാല്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനാണ് യോഗത്തിലെ തീരുമാനം. പൊലീസുമായി ഒരുവട്ടം കൂടി ചര്‍ച്ച നടത്തി ആവശ്യങ്ങള്‍ കൃത്യമായി തീരുമാനിച്ച ശേഷം ഉടന്‍ തന്നെ ‘റിക്വസ്റ്റ് ഫോര്‍ പ്രൊപ്പോസലും’ ‘എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റും’ ക്ഷണിക്കും. തുടര്‍ന്ന് കമ്പനികളുടെ സാമ്പത്തിക, സാങ്കേതിക ശേഷി വിലയിരുത്തി ഒരു വിദഗ്ധ സമിതി ഓഗസ്റ്റ് പത്തോടെ തെരഞ്ഞെടുക്കപ്പെടുന്ന കമ്പനിയെ ജോലി ഏല്‍പ്പിക്കുകയാണ് ചെയ്യുക.90 മുതല്‍ 100 ദിവസത്തിനുള്ളില്‍ കാമറകളും സാങ്കേതികവിദ്യകളും ഉള്‍പ്പെടെ പ്രവര്‍ത്തനക്ഷമമാക്കാനാണ് ദേവസ്വം ബോര്‍ഡിന്റെയും പൊലീസിന്റെയും ആലോചന. വെര്‍ച്വല്‍ ക്യൂ സംവിധാനവും ഇതിനൊപ്പം ബന്ധിപ്പിക്കും. തീര്‍ത്ഥാടകരെ മണിക്കൂറുകളോളം ക്യൂ നിര്‍ത്തുന്ന ബുദ്ധിമുട്ട് ഒഴിവാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യമെന്നും കെ ജയകുമാര്‍ വ്യക്തമാക്കി.’ നിലയ്ക്കലില്‍ എത്രപേരുണ്ട്, പമ്പയില്‍ എത്രപേരുണ്ട് എന്ന് തത്സമയം നിരീക്ഷിച്ചുകൊണ്ട് കൃത്യമായ വിവരങ്ങള്‍ ഭക്തര്‍ക്ക് കൈമാറും. സുരക്ഷ ഉറപ്പാക്കാന്‍ വാട്ടര്‍ ടാങ്കുകള്‍, കുടിവെള്ള സ്രോതസ്സുകള്‍ തുടങ്ങിയ പ്രധാന സ്ഥലങ്ങളില്‍ 24 മണിക്കൂറും എഐ കാമറകളുടെയും ഡ്രോണുകളുടെയും നിരീക്ഷണം ഉണ്ടാകും. ഏതെങ്കിലും റൂട്ടില്‍ പൈപ്പ് പൊട്ടലോ, ചെറിയ അപകടങ്ങളോ, ആര്‍ക്കെങ്കിലും ആരോഗ്യപ്രശ്‌നങ്ങളോ ഉണ്ടായാല്‍ അത് മണിക്കൂറുകള്‍ വൈകി മാത്രം അറിയുന്ന രീതി മാറി, ഉടനടി തന്നെ ശരിയാക്കാനും ആംബുലന്‍സ് അടക്കമുള്ള സഹായങ്ങള്‍ എത്തിക്കാനും ഈ സംവിധാനം വഴി സാധിക്കും’- അദ്ദേഹം പറഞ്ഞു.ശബരിമലയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ണ്ണമായും ഡിജിറ്റല്‍ മാപ്പിങ്ങിലേക്ക് മാറ്റുമെന്ന് എഡിജിപി മനോജ് എബ്രഹാം വിശദീകരിച്ചു. ഉയര്‍ന്ന റെസല്യൂഷന്‍ ക്യാമറകള്‍, ഇന്‍ഫ്രാറെഡ് സെന്‍സറുകള്‍, ഡ്രോണുകള്‍ എന്നിവ ഇന്റഗ്രേറ്റ് ചെയ്ത് ശബരിമലയെ പൂര്‍ണ്ണമായി ജിപിഎസ് മാപ്പിന്റെ പരിധിയില്‍ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഹീറ്റ് മാപ്പ്‌സ്’ ഉപയോഗിച്ച് എപ്പോഴാണ് തിരക്ക് കൂടാന്‍ സാധ്യതയെന്ന് മുന്‍കൂട്ടി മനസ്സിലാക്കാന്‍ എഐക്ക് സാധിക്കും. തിരക്ക് നിയന്ത്രിക്കാന്‍ എന്തു നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് എഐ സിസ്റ്റം തന്നെ നിര്‍ദ്ദേശങ്ങള്‍ തരികയും ചെയ്യും. ഡ്യൂട്ടിയിലുള്ള രണ്ടായിരത്തോളം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എസ്എംഎസ് ആയോ വാട്‌സാപ്പ് ആയോ കൃത്യമായ നിര്‍ദേശങ്ങള്‍ തത്സമയം നല്‍കുകയും ചെയ്യും. പത്തനംതിട്ട എസ്പി ഇതിന്റെ വിശദാംശങ്ങള്‍ ഉടന്‍ സമര്‍പ്പിക്കുമെന്നും ഈ വര്‍ഷം തന്നെ ഇതിന്റെ ഒന്നാം ഘട്ടം ഒരു പൈലറ്റ് പ്രോജക്ട് എന്ന നിലയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും മനോജ് എബ്രഹാം വ്യക്തമാക്കി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments