തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി തരണം ചെയ്യാൻ കെഎസ്ഇബിയുടെ കോർ കമ്മിറ്റി യോഗം ഇന്ന് ചേരും. പവർ എക്സ്ചേഞ്ചിൽ നിന്ന് 250 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയിട്ടുണ്ട്. ഇതിന് വേണ്ട ക്രമീകരണങ്ങൾ കോർ കമ്മിറ്റി ചർച്ച ചെയ്യും. യൂണിറ്റിന് പരമാവധി 10 രൂപക്ക് വൈദ്യുതി വാങ്ങാൻ ആണ് അനുമതിയായത്. ഒരു വശത്ത് പവർകട്ടിലുള്ള ജനത്തിൻ്റെ പ്രതിഷേധം. മറുവശത്ത് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിയുടെ നെട്ടോട്ടം. സ്വാപ് കരാർ വഴി മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ലഭിച്ചിരുന്ന വൈദ്യുതിയിലെ 600 മെഗാവാട്ടിൻ്റെ കുറവാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. 250 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മീഷൻ അനുമതി വൈകിയതും തിരിച്ചടിയായി. ഡേ എഹഡ് കണ്ടിജൻസി മാർക്കറ്റിലൂടെ ഹ്രസ്വകാല കരാർ ഉണ്ടാക്കാനാണ് ഇപ്പോൾ അനുമതി കൊടുത്തത്. ഏതൊക്കെ മണിക്കൂറിലേക്ക് വൈദ്യുതി വാങ്ങണം തുടങ്ങിയ കാര്യങ്ങൾ കോർ കമ്മിറ്റി ചർച്ച ചെയ്യും. എപ്പോൾ മുതൽ ഈ വൈദ്യുതി ലഭ്യമാകും എന്നതിൽ വ്യക്തതയില്ല. മെയ് 15 വരെ വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മീഷൻ പറഞ്ഞിട്ടുണ്ട്. ഡിമാൻഡ് കൂടുന്നതനുസരിച്ച് അപ്രഖ്യാപിത ലോഡ് ഷെഡിംഗിലൂടെ പിടിച്ച് നിൽക്കാനാണ് കെഎസ്ഇബി ശ്രമം. വേനൽ മഴ ലഭ്യമാകുന്നതോടെ വൈദ്യുതി ഉപയോഗം താനേ കുറയുമെന്നാണ് കണക്ക് കൂട്ടുന്നത്. കെഎസ്ഇബി പുറത്തുനിന്ന് ഉയർന്ന വിലയ്ക്ക് വാങ്ങിക്കുന്ന വൈദ്യുതിയുടെ ആഘാതം ജൂൺ ജൂലൈ മാസങ്ങളിലാകും ജനം അനുഭവിക്കുക. സർചാർജായി ഈ അധിക തുക ജനം കറണ്ട് ബില്ലിനോടൊപ്പം അടക്കേണ്ടി വരും.



