ജയ്പൂർ: രാജസ്ഥാൻ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറ്റം. പഞ്ചായത്ത് സമിതി, ജില്ലാ പരിഷത്ത് സീറ്റുകളിലാണ് ബിജെപിയെ പിന്നിലാക്കി കോൺഗ്രസിന്റെ തകർപ്പൻ വിജയം. പഞ്ചായത്ത് സമിതികളിൽ 3,701 സീറ്റുകൾ കോൺഗ്രസ് നേടിയപ്പോൾ ബിജെപിക്ക് ലഭിച്ചത് 2,181 സീറ്റുകളാണ്. ജില്ലാ പരിഷത്തുകളിൽ കോൺഗ്രസ് 599 സീറ്റുകൾ നേടിയപ്പോൾ, ബിജെപിക്ക് ലഭിച്ചത് 301 സീറ്റുകളാണ്.
വോട്ടെണ്ണൽ നടന്ന 37 ജില്ലകളിൽ 33 എണ്ണത്തിലും പഞ്ചായത്ത് സമിതികളിൽ ബിജെപിയേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കാൻ കോൺഗ്രസിന് സാധിച്ചു. അജ്മീർ, ബലോത്ര, സലുംബർ, ഉദയ്പൂർ എന്നീ നാല് ജില്ലകളിൽ മാത്രമാണ് ബിജെപിക്ക് മുന്നിലെത്താനായത്. 2028ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രധാന തെരഞ്ഞെടുപ്പാണിത്.ഡിസംബറിൽ അധികാരത്തിൽ മൂന്ന് വർഷം പൂർത്തിയാക്കുന്ന, മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന് പഞ്ചായത്ത് സമിതി, ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പ് ഫലം വലിയ തിരിച്ചടിയാണ്. നാഗൗർ എംപി ഹനുമാൻ ബെനിവാൾ നയിക്കുന്ന രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി (RLP) 496 പഞ്ചായത്ത് സമിതി സീറ്റുകൾ നേടി. ഭാരത് ആദിവാസി പാർട്ടി (BAP) 276 സീറ്റുകളും, ബഹുജൻ സമാജ് പാർട്ടി (BSP) 60 സീറ്റുകളും നേടിയിട്ടുണ്ട്

