സന: യെമൻ സർക്കാർ ആസ്ഥാനത്തേക്ക് ഹൂത്തി ആക്രമണം. അഞ്ച് പേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഏഡനിലുള്ള അൽ-മാഷിഖ് പ്രസിഡൻഷ്യൽ കൊട്ടാരത്തിന് നേരെയാണ് ഹൂതികൾ മിസൈലാക്രമണം നടത്തിയത്. അഞ്ച് മിസൈലുകൾ ഉപയോഗിച്ചാണ് അൽ-മാഷിഖ് പ്രസിഡൻഷ്യൽ കൊട്ടാരത്തിന് നേരെ ഹൂതികൾ ആക്രമണം നടത്തിയതെന്ന് യെമൻ വാർത്താവിതരണ മന്ത്രി മുഅമ്മർ അൽ-ഇറിയാനി അറിയിച്ചു.
പ്രധാനമന്ത്രിയും മറ്റ് ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്നും എന്നാൽ അദ്ദേഹത്തിന്റെ രണ്ട് അംഗരക്ഷകർ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നും സർക്കാർ അറിയിച്ചു. കൊട്ടാരത്തിന് സമീപത്തുനിന്ന് പുകച്ചുരുളുകൾ ഉയരുന്നത് കാണാമായിരുന്നു എന്നാണ് റിപ്പോർട്ട്. സൗദി അറേബ്യയുടെ പിന്തുണയുള്ള, അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട യെമൻ സർക്കാരിന്റെ ആസ്ഥാനവും ഭരണകേന്ദ്രവുമായാണ് ഈ കൊട്ടാരം. ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ കൂടുതൽ രൂക്ഷമാകും എന്നതാണ് ഇന്നത്തെ ആക്രമണം നൽകുന്ന സൂചന. സൗദി അറേബ്യയ്ക്ക് പുറമെ മറ്റ് പ്രാദേശിക ശക്തികൾ കൂടി ഉൾപ്പെടുന്ന പൂർണ്ണമായ ആഭ്യന്തര യുദ്ധത്തിലേക്ക് രാജ്യം നീങ്ങുമോ എന്ന ആശങ്ക ഉയരുന്നുണ്ട്.
ഹൂതി സായുധ സംഘവും സൗദി പിന്തുണയുള്ള സേനയും തമ്മിലുള്ള പോരാട്ടം ശക്തമായ പശ്ചാത്തലത്തിലാണ് ഏഡനിലെ ഈ ആക്രമണം. യെമനിലെ മൂന്നാമത്തെ വലിയ നഗരവും തെക്കുപടിഞ്ഞാറൻ മേഖലയിലെ പ്രധാന പ്രദേശവുമായ തായിസിന്റെ നിയന്ത്രണം പിടിച്ചെടുക്കുന്നത്, ബബ് അൽ-മന്ദബ് കടലിടുക്കിന്മേൽ തന്ത്രപ്രധാനമായ ആധിപത്യം ഉറപ്പിക്കാൻ സഹായിക്കും. ധുബാബ് വിമാനത്താവളത്തിന് നേരെ ഹൂതികൾ നടത്തിയ ആക്രമണത്തെ ചെറുത്തുതോൽപ്പിച്ചതായി യെമൻ സർക്കാരുമായി സഖ്യത്തിലുള്ള സേന വ്യക്തമാക്കി

