ബ്യൂണസ് അയേഴ്സ്: ഇതിഹാസ നായകൻ ലയണൽ മെസിയുടെ അന്താരാഷ്ട്ര ഫുട്ബോളിലെ അവസാന പോരാട്ടത്തിന് കളമൊരുങ്ങി. ഒക്ടോബറിൽ വിശ്വ വിഖ്യാതമായ ആകാശ നീലയും വെള്ളയും കലർന്ന ജേഴ്സി അവസാനമായി മെസി അണിയും. എതിരാളികൾ, വേദി, അദ്ദേഹം ധരിക്കുന്ന 10ാം നമ്പർ ജേഴ്സി ഈ മത്സരത്തിലെ എല്ലാം സവിശേഷതകൾ ഏറെയുള്ളതാണ്. മനോഹരമായൊരു യാത്രയയപ്പാണ് തങ്ങളുടെ ഇതിഹാസ നായകനായി അർജന്റീന ഒരുക്കിയിരിക്കുന്നത്. സ്വർണ നിറത്തിൽ പേരും 10 എന്ന നമ്പറും സവിശേഷമായി കൊടുത്തിട്ടുള്ള ജേഴ്സിയായിരിക്കും മത്സരത്തിൽ അദ്ദേഹം ധരിക്കുക. ഇതിന്റെ ചിത്രങ്ങളും വിഡിയോയുമൊക്കെ പുറത്തു വന്നിട്ടുണ്ട്.
ഒക്ടോബർ ആറിനാണ് (ഇന്ത്യൻ സമയം ഒക്ടോബർ 7) മെസിയുടെ അജന്റീന ജേഴ്സിയിലെ വിടവാങ്ങൽ മത്സരം. കുഞ്ഞൻ ആഫ്രിക്കൻ രാജ്യം ബെനിൻ ആണ് ഫിഫയുടെ അന്താരാഷ്ട്ര വിൻഡോയിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്ന ഈ പോരാട്ടത്തിലെ എതിരാളികൾ. ബ്യൂണസ് അയേഴ്സിലാണ് മെസി അവസാനമായി അർജന്റീനയുടെ ജേഴ്സി അണിയുന്നത്.ബ്യൂണസ് അയേഴ്സിലെ റിവർപ്ലേറ്റിന്റെ തട്ടകവും ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ സ്റ്റേഡിയവുമായി എൽ മോനുമെന്റലിലാണ് മെസിയുടെ അവസാന പോരാട്ടം. 84,000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള വിശാലമായ മൈതാനത്താണ് പോരാട്ടം.ഫിഫ വിൻഡോയിൽ അർജന്റീന കളിക്കുന്ന മൂന്നാമത്തെ സൗഹൃദ പോരാട്ടമാണിത്. അന്താരാഷ്ട്ര കരിയർ നാട്ടുകാർക്ക് മുന്നിൽ തന്നെ കളിച്ച് അവസാനിപ്പിക്കാനുള്ള അവസരവും ഇതിലൂടെ മെസിക്ക് ലഭിക്കുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് മെസി അന്താരാഷ്ട്ര ഫുട്ബോൾ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. മെസിക്കുള്ള ആദരമെന്ന നിലയിലാണ് ലയണൽ സ്കലോനി ബെനിനെതിരായ പോരാട്ടത്തിനുള്ള സ്ക്വാഡിലേക്ക് മെസിയേയും ഉൾപ്പെടുത്തിയത്.

