Wednesday, September 2, 2026
No menu items!
Homeവാർത്തകൾമാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനത്തിലെ രഹസ്യസ്വഭാവം അവസാനിപ്പിച്ച് സാമൂഹിക ഓഡിറ്റിംഗിന് വിധേയമാക്കുമെന്ന് ഹൈകോടതി

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനത്തിലെ രഹസ്യസ്വഭാവം അവസാനിപ്പിച്ച് സാമൂഹിക ഓഡിറ്റിംഗിന് വിധേയമാക്കുമെന്ന് ഹൈകോടതി

കൊച്ചി: മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനത്തിലെ രഹസ്യസ്വഭാവം അവസാനിപ്പിച്ച് മാധ്യമങ്ങൾക്കടക്കം പ്രവേശനം നൽകി സാമൂഹിക ഓഡിറ്റിംഗിന് വിധേയമാക്കുമെന്ന് ഹൈകോടതി. മാനസികാരോഗ്യകേന്ദ്രങ്ങൾ സ്വാതന്ത്ര്യം തൊട്ടുതീണ്ടാത്ത ഇടങ്ങളാണ്. രോഗികളുടെ സ്വകാര്യതയുടെ പേരുപറഞ്ഞ് എല്ലാം രഹസ്യമാക്കുകയാണെന്നടക്കം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വാക്കാൽ നിലപാട് വ്യക്തമാക്കിയത്. ജഡ്ജിമാർ നേരിട്ട് സന്ദർശിച്ച് നിർദേശം നൽകിയിട്ടും മാനസികാരോഗ്യകേന്ദ്രങ്ങളുടെ അവസ്ഥ അതേപടി തുടരുന്നതിൽ കോടതി സർക്കാറിനെ രൂക്ഷമായി വിമർശിച്ചു. ഡിവിഷൻ ബെഞ്ചിന്‍റെ സന്ദർശനത്തിന് ശേഷം മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നാണ് സർക്കാർ അറിയിച്ചതെങ്കിലും ഇത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് കേന്ദ്രങ്ങളിൽ സന്ദർശനം പൂർത്തിയായി ആഴ്ചകൾ പിന്നിട്ടിട്ടും സ്ഥിതി മെച്ചപ്പെട്ടിട്ടില്ല. രോഗികൾക്കുള്ള ഭക്ഷണമെത്തിക്കാൻ വാഹനം സജ്ജമാക്കണമെന്ന ചെറിയ നിർദേശം പോലും പാലിക്കപ്പെട്ടില്ല. ജഡ്ജിമാരടക്കം വി.ഐ.പികൾക്ക് കാർ വാങ്ങി നൽകാൻ സർക്കാറിന് മിനിറ്റുകൾ മാത്രം മതിയെന്നിരിക്കെ സാധാരണക്കാരാണെന്നത് കൊണ്ട് രോഗികളും കൂട്ടിരിപ്പുകാരും മറ്റും അവഗണിക്കപ്പെടുകയാണ്. മനുഷ്യാവകാശ ലംഘനങ്ങളാണ് സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ നടക്കുന്നത്. വിസർജ്യവും ഭക്ഷണാവശിഷ്ടവും ഇടകലർന്ന സെല്ലുകൾ യുദ്ധത്തടവറകളേക്കാൾ ഭീകരമാണ്. ഇതെല്ലാം നേരിൽ കണ്ടതിന്‍റെ ഞെട്ടലിൽ ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഇനിയും കോടതിക്ക് കണ്ണടക്കാനാവില്ല. നിരന്തരം ഇടപെടലുണ്ടാകും. സിസ്റ്റം മാറിയേ പറ്റൂ. അല്ലാത്ത പക്ഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയെല്ലാം വിളിച്ചുവരുത്തുമെന്നും കോടതി വ്യക്തമാക്കി. തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട നേപ്പാൾ സ്വദേശി മൂന്നു പേരെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത ഹരജിയടക്കമാണ് കോടതി പരിഗണിക്കുന്നത്. സർക്കാറിന്‍റെ വിശദീകരണത്തിനായി ഹരജി വ്യാഴാഴ്ചയിലേക്ക് മാറ്റിയ കോടതി കേസിൽ അഡ്വക്കേറ്റ് ജനറൽ ഹാജരാകണമെന്ന നിർദേശവും നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments