തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ യുഡിഎഫ് കാഴ്ചവെച്ച അപ്രതീക്ഷിത മുന്നേറ്റം വെറുമൊരു യാദൃശ്ചികതയല്ലെന്നും സിപിഎമ്മിനുള്ളിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് തനിക്ക് കൃത്യമായ ധാരണയുണ്ടായിരുന്നതിനാലാണ് ‘വിസ്മയം ഉണ്ടാകുമെന്ന്’ നേരത്തെ പറഞ്ഞതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. സിപിഎമ്മിന്റെ ഉരുക്കുകോട്ടകളായ തളിപ്പറമ്പിലും പയ്യന്നൂരിലും ഉൾപ്പെടെയുണ്ടായ തിരിച്ചടി പാർട്ടിക്കുള്ളിലെ വലിയൊരു വിഭാഗം അണികൾ നേതൃത്വത്തോട് വിമുഖത കാണിക്കുന്നു എന്നതിന്റെ തെളിവാണ്. നല്ല കമ്യൂണിസ്റ്റുകളെ ചേർത്തുപിടിക്കണമെന്ന തന്റെ ആഹ്വാനം താഴെത്തട്ടിലുള്ള പ്രവർത്തകർ ഏറ്റെടുത്തത് ഈ മാറ്റത്തിന് വേഗത കൂട്ടിയെന്നും സതീശൻ മീഡിയവണിനോട് പറഞ്ഞു. സിപിഎമ്മിന്റെ മതേതര പ്രതിച്ഛായ വെറും മുഖംമൂടി മാത്രമാണെന്ന് ഇത്തവണ തെളിയിക്കപ്പെട്ടതായും സതീശൻ വിമർശിച്ചു. എസ്ഡിപിഐയുമായുള്ള ബന്ധം പുറത്തുവന്നതോടെ സിപിഎമ്മിന്റെ യഥാർഥ രാഷ്ട്രീയം ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടപ്പെട്ടു. വോട്ടുബാങ്ക് ഉണ്ടെന്ന് പറഞ്ഞ് സമ്മർദ്ദം ചെലുത്തിയ ശക്തികൾക്ക് മുന്നിൽ യുഡിഎഫ് മുട്ടുമടക്കിയില്ല. ബിജെപിക്ക് കേരളത്തിൽ മൂന്ന് സീറ്റുകൾ ലഭിച്ചത് സിപിഎം വെള്ളിത്തളികയിൽ വെച്ച് നൽകിയത് കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു. അവിശുദ്ധ കൂട്ടുകെട്ടുകളിലൂടെ ബിജെപിയെ സഹായിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചതെന്ന് സതീശൻ തുറന്നടിച്ചു.താൻ പ്രതിപക്ഷ നേതാവായി ചുമതലയേറ്റ സമയത്ത് സോണിയാ ഗാന്ധിക്ക് നൽകിയ വാക്ക് പാലിക്കാൻ കഴിഞ്ഞതിന്റെ സംതൃപ്തി അദ്ദേഹം പങ്കുവെച്ചു. യുഡിഎഫിന്റെ ഈ ഉജ്ജ്വല തിരിച്ചുവരവ് ഒരു മുന്നണിയെന്ന നിലയിലല്ല, മറിച്ച് ഒരു രാഷ്ട്രീയ പാർട്ടി പോലെ ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ ഫലമാണ്. കഴിഞ്ഞ അഞ്ച് വർഷക്കാലമായി നടത്തിയ നിശബ്ദമായ പ്രവർത്തനങ്ങളും അടിത്തട്ടിലെ ക്രമീകരണങ്ങളുമാണ് ഈ വിജയത്തിന് ആധാരമെന്നും സതീശൻ പറഞ്ഞു.മണ്ഡലങ്ങളിലെ പ്രചാരണത്തെക്കുറിച്ച് സംസാരിക്കവെ, ധർമടത്തെ യുഡിഎഫ് സ്ഥാനാർഥിയുടെ പരിഭവം ശ്രദ്ധയിൽപ്പെട്ടതായി അദ്ദേഹം പറഞ്ഞു. സമയപരിമിതി മൂലമാണ് എല്ലാ മണ്ഡലങ്ങളിലും നേരിട്ട് എത്താൻ കഴിയാതിരുന്നതെന്നും എന്നാൽ എല്ലായിടത്തും യുഡിഎഫിന്റെ സംഘടനാ സംവിധാനം ശക്തമായി പ്രവർത്തിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു. ത്രിപുരയിലും ബംഗാളിലും സംഭവിച്ചതിന് സമാനമായ തകർച്ചയിലേക്കാണ് കേരളത്തിലെ സിപിഎമ്മും പോയിക്കൊണ്ടിരിക്കുന്നതെന്ന് സതീശൻ നിരീക്ഷിച്ചു.



