തിരുവനന്തപുരം: പ്രധാന പ്രൊവിഡൻ്റ് ഫണ്ട് സേവനങ്ങളും ഇനിമുതല്‍ ഒരൊറ്റ പ്ലാറ്റ്ഫോമിനു കീഴില്‍ ലഭ്യമാകും.പഴയ പോർട്ടലുകളിലെ സാങ്കേതിക തടസങ്ങളും ക്ലെയിമുകള്‍ മാറിക്കിട്ടാനുള്ള കാലതാമസവും ഇനി പഴങ്കഥയാകും. ഷെഡ്യൂള്‍ ചെയ്ത ‘ബ്ലാക്ക്ഔട്ട് പിരീഡ്’പൂർത്തിയായതോടെ പുതിയ കേന്ദ്രീകൃത പോർട്ടല്‍ ഈയാഴ്ചമുതല്‍ പൂർണതോതില്‍ പ്രവർത്തനസജ്ജമാകും.ഇതുവരെ വികേന്ദ്രീകൃത രീതിയിലായിരുന്നു ഇപിഎഫ്ഒ പ്രവർത്തിച്ചിരുന്നത്. അതായത്, ഓരോ റീജണല്‍ ഓഫീസുകളും സ്വതന്ത്രമായാണു കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. വരിക്കാർക്ക് എന്തെങ്കിലും ആവശ്യങ്ങള്‍ക്കോ പരാതിപരിഹാരങ്ങള്ക്കോ തങ്ങളുടെ അക്കൗണ്ടുള്ള റീജണല്‍ ഓഫീസിനെത്തന്നെ ആശ്രയിക്കേണ്ടിവന്നിരുന്നു.എന്നാല്‍, പുതിയ മാറ്റത്തോടെ ഈ രീതി പൂർണമായും മാറി. രാജ്യമൊട്ടാകെയുള്ള ഏത് ഇപിഎഫ്ഒ ഓഫീസിലൂടെയും ഇനിമുതല്‍ വരിക്കാരുടെ അപേക്ഷകള്‍ പ്രോസസ് ചെയ്യാൻ സാധിക്കും. ഇതു സേവനങ്ങള്‍ വേഗത്തിലാക്കാനും പ്രാദേശിക ഓഫീസുകളിലെ അനാവശ്യ കാലതാമസം ഒഴിവാക്കാനും സഹായിക്കും.

