കാരക്കസ്: വെനസ്വേലയെ ദുരന്തഭൂമിയാക്കിയ ഇരട്ട ഭൂചലനത്തിൽ 235 മൃതദേഹങ്ങൾ കണ്ടെത്തി. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ 200ലധികം പേർ കുടുങ്ങിക്കിടക്കുന്നു എന്നാണ് അധികൃതരുടെ നിഗമനം. 1,500 ലധികം പേർ പരിക്കുകളോടെ ആശുപത്രിയിലാണ്. പതിയാനിരത്തിലേറെ പേരെ കാണാനില്ല.
ബുധനാഴ്ച വൈകുന്നേരമാണ് മിനിറ്റുകളുടെ ഇടവേളയിൽ 7.2 ഉം 7.5 ഉം രേഖപ്പെടുത്തിയ ഇരട്ട ഭൂചലനം വൻ നാശം വിതച്ചത്. ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ ഭൂചലനമാണ് വെനസ്വേല നേരിട്ടത്. തലസ്ഥാനയ കാരക്കസിൻ്റെ വടക്ക് സ്ഥിതിചെയ്യുന്ന തീരമേഖലയായ ലാ ഗൈറയിലാണ് ഏറ്റവും കൂടുതൽ നാശം ഉണ്ടായത്. ദുരന്തത്തിൽ കേടുപാട് സംഭവിച്ച വിമാനത്താവളം അടച്ചതോടെ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി നേരിടുന്നുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽനിന്ന് പരിക്കേറ്റ മനുഷ്യരെയും മൃഗങ്ങളെയും വലിച്ചെടുക്കുന്ന ഹൃദയഭേദകമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.രാജ്യത്തെ മുഴുവൻ രക്ഷാസംഘങ്ങളെയും ലാ ഗൈറയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് വെനസ്വേലൻ ഭരണകൂടം. ഭൂചലനത്തെ തുടർന്ന് വെനസ്വേലൻ ആക്ടിങ് പ്രസിഡൻ്റ് ഡെൽസി റോഡ്രിഗസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. തകർന്ന ആശുപത്രികൾക്കും വീടുകൾക്കും വേണ്ടി സർക്കാർ 200 മില്യൺ ഡോളറിന്റെ പുനർനിർമ്മാണ ഫണ്ട് സൃഷ്ടിക്കുന്നുണ്ടെന്ന് റോഡ്രിഗസ് അറിയിച്ചു

