തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പ്. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. മറ്റു ജില്ലകളിൽ നേരിയതോ ഇടത്തരം ആയ മഴയ്ക്കാണ് സാധ്യത എന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയോടൊപ്പം ശക്തമായി കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.വടകരയിൽ മണ്ണിടിച്ചിൽവടകര ദേശീയ പാത മുക്കാളിയിൽ വീണ്ടും മണ്ണിടിച്ചിൽ. നിർമാണ പ്രവൃത്തി നടന്നു കൊണ്ടിരിക്കുന്ന ഭാഗത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. മൂന്ന് വീടുകൾ മണ്ണിടിച്ചിൽ ഭീഷണിയിലാണ്. വീടിന്റെ തറയിൽ വരെ വിള്ളൽ രൂപപ്പെട്ടു. മൂന്നാം തവണയാണ് ഇതേ സ്ഥലത്ത് മണ്ണിടിച്ചിൽ ഉണ്ടാകുന്നത്. അധികൃതരുടെ ഇടപെടൽ ഉടനുണ്ടാവണമെന്ന് നാട്ടുകാരും രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടു. മണ്ണിടിച്ചിൽ കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായപ്പോൾ ഇവിടെ സംരക്ഷണ ഭിത്തി നിർമ്മാണം തുടങ്ങിയിരുന്നു.അശാസ്ത്രിയമായ നിർമ്മാണ രീതിയാണ് ഇവിടെ നടന്നതെന്ന് നാട്ടുകാർ ആരോപിച്ചു. നിലവിൽ നിർമ്മാണം ഇഴഞ്ഞു നീങ്ങുന്ന വടകര മേഖലയിൽ ദേശീയ പാതയിൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്.

