Sunday, April 19, 2026
No menu items!
Homeവാർത്തകൾഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായും ഈ ജലപാതയിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന ഏത് കപ്പലിനെയും ലക്ഷ്യം വെക്കുമെന്നും...

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായും ഈ ജലപാതയിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന ഏത് കപ്പലിനെയും ലക്ഷ്യം വെക്കുമെന്നും ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖാംന

തെഹ്‌റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായും ഈ ജലപാതയിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന ഏത് കപ്പലിനെയും ലക്ഷ്യം വെക്കുമെന്നും ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് നാവികസേന മുന്നറിയിപ്പ് നൽകി. ഇറാൻ സായുധ സേനാ ദിനത്തോടനുബന്ധിച്ച് നൽകിയ സന്ദേശത്തിലാണ് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖാംനഈ കടുത്ത മുന്നറിയിപ്പ് നൽകിയത്. ശത്രുക്കൾക്ക് പുതിയ കയ്പ്പേറിയ തോൽവികൾ സമ്മാനിക്കാൻ നാവികസേന സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് തുറന്ന് 24 മണിക്കൂർ തികയുന്നതിന് മുമ്പാണ് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) നിലപാട് മാറ്റിയത്. ഇറാനിയൻ കപ്പലുകൾക്കും തുറമുഖങ്ങൾക്കും മേൽ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം തുടരുന്നതിനാലാണ് ഈ നടപടി. നിലവിലെ വെടിനിർത്തൽ കരാറിന്റെ ലംഘനമാണ് ഈ ഉപരോധമെന്നും ഇറാൻ ആരോപിക്കുന്നു.അതേസമയം, തങ്ങളെ ബ്ലാക്ക് മെയിൽ ചെയ്യാൻ ഇറാൻ നോക്കേണ്ടെന്നും നാവിക ഉപരോധം കർശനമായി തുടരുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. ബുധനാഴ്ചയ്ക്കകം പുതിയ കരാറിലെത്താൻ സാധിച്ചില്ലെങ്കിൽ നിലവിലെ വെടിനിർത്തൽ അവസാനിപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇതിനിടെ കടലിടുക്കിലൂടെ സഞ്ചരിച്ച ഇന്ത്യൻ പതാക വഹിച്ച കപ്പലുകൾ ഉൾപ്പെടെയുള്ള വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ വെടിയുതിർത്തത് സാഹചര്യം വഷളാക്കിയിട്ടുണ്ട്. പേർഷ്യൻ ഗൾഫിലോ ഒമാൻ കടലിലോ ഉള്ള കപ്പലുകൾ യാതൊരു കാരണവശാലും ഹോർമുസ് കടലിടുക്കിലേക്ക് നീങ്ങരുതെന്നാണ് ഇറാൻ നൽകിയിരിക്കുന്ന കർശന നിർദേശം.അതേസമയം, യുദ്ധം ഒഴിവാക്കാൻ ഇസ്‌ലാമാബാദിൽ മദ്ധ്യസ്ഥ രാജ്യങ്ങളുടെ സഹായത്തോടെ രണ്ടാംവട്ട ചർച്ചകൾക്ക് അമേരിക്ക ശ്രമം നടത്തുന്നുണ്ട്. ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കുമ്പോഴും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ട്രംപിനെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്ന വിമർശനവുമായി കമല ഹാരിസ് രംഗത്തെത്തി. അമേരിക്കൻ ജനത ആഗ്രഹിക്കാത്ത യുദ്ധമാണിതെന്ന് അവർ ഓർമ്മിപ്പിച്ചു. എങ്കിലും ഇസ്രായേലിന് എങ്ങനെ പോരാടി ജയിക്കണമെന്ന് അറിയാമെന്നും അമേരിക്കയുടെ ഏറ്റവും വലിയ പങ്കാളി ഇസ്രായേലാണെന്നുമാണ് ട്രംപിന്റെ ഉറച്ച നിലപാട്.ഹോർമുസ് കടലിടുക്ക് തങ്ങളുടെ പൂർണ നിയന്ത്രണത്തിലാണെന്നും ശത്രുക്കൾക്ക് മേൽ പുതിയ പരാജയങ്ങൾ അടിച്ചേൽപ്പിക്കാൻ നാവികസേന സജ്ജമാണെന്നും ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖാംനഈ പ്രഖ്യാപിച്ചതോടെ പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതമായിരിക്കുകയാണ്. എണ്ണവില കുറയുമെന്ന പ്രതീക്ഷകൾ അസ്ഥാനത്താക്കി ഇറാൻ കപ്പൽപ്പാത അടച്ചതോടെ ലോക വിപണിയും ഇപ്പോൾ നിരീക്ഷണത്തിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments