ന്യൂഡല്‍ഹി: യുഎസ്-ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള സയ്യിദ് അലി ഖമേനിയുടെ ഔദ്യോഗിക വിലാപയാത്രയിലും സംസ്‌കാര ചടങ്ങുകളിലും പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണം. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ പ്രധാനമന്ത്രിയെ ഔദ്യോഗികമായി ക്ഷണിച്ചത്. മേഖലയിലെ സംഘര്‍ഷം കാരണം മാര്‍ച്ച് ആദ്യം നടത്താനിരുന്ന സംസ്‌കാര ചടങ്ങുകള്‍ മാറ്റി വയ്ക്കുകയായിരുന്നു
ജൂലൈ 4, 5 തീയതികളില്‍ രാജ്യ തലസ്ഥാനമായ ടെഹ്റാനില്‍ വിടവാങ്ങല്‍ ചടങ്ങ് നടക്കും. ജൂലൈ 9ന് ജന്‍മനാടായ മഷാദ് നഗരത്തില്‍ നടക്കുന്ന ചടങ്ങിന് ശേഷം ഇമാം റെസായുടെ ശവകുടീരത്തിന് അടുത്തായി ഖമേനിയുടെ ഭൗതികശരീരം സംസ്‌കരിക്കും. സംസ്‌കാര ചടങ്ങില്‍ ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ഇന്ത്യയെക്കൂടാതെ റഷ്യ, ചൈന, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാഖ് തുടങ്ങി വിവിധ രാജ്യങ്ങളിലെ നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും.
ഖമേനിയുടെ നിര്യാണത്തെത്തുടര്‍ന്ന്, ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ന്യൂഡല്‍ഹിയിലെ ഇറാന്‍ എംബസി സന്ദര്‍ശിക്കുകയും ഇന്ത്യന്‍ സര്‍ക്കാരിന് വേണ്ടി അനുശോചനം അറിയിക്കുകയും ചെയ്തിരുന്നു. ഇന്ത്യ പരമ്പരാഗതമായി ഇറാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളില്‍ ഒന്നാണ്. മാസങ്ങള്‍ നീണ്ടുനിന്ന യുദ്ധത്തിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഇറാനിയന്‍ നേതാക്കളുമായി പലവട്ടം ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും നടത്തിയ ആദ്യഘട്ട ആക്രമണങ്ങളിലാണ് ഖമനേയി കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ അദ്ദേഹത്തിന്റെ മകനും പിന്‍ഗാമിയുമായ മുജ്തബ ഖമനേയിക്കും പരിക്കേറ്റിരുന്നു. അധികാരം ഏറ്റെടുത്തതിനുശേഷം അദ്ദേഹം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഖമേനിയുടെ മകള്‍ സഹ്ദ ഹദ്ദാദ് ആദില്‍, ഭര്‍ത്താവ് മിസ്ബാഹ് അല്‍ ഹുദ ബഗേരി എന്നിവരും ഇവരുടെ മകനും ഖമനേയിക്കൊപ്പം കൊല്ലപ്പെട്ടിരുന്നു.

