ന്യൂഡൽഹി: സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി മാറ്റുന്നതിനുള്ള ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. കേരള എന്ന പേര് കേരളം എന്നാക്കിയാണ് മാറ്റുന്നത്. ഇന്നത്തെ ലോക്സഭ അജണ്ടയില്‍ കേന്ദ്രമന്ത്രി അമിത് ഷാ ബില്‍ അവതരിപ്പിക്കുമെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.ഇന്ന് ചേരുന്ന ലോക്സഭ കാര്യോപദേശക സമിതി ദ കേരള ( ഓള്‍ട്രേഷന്‍ ഓഫ് നെയിം) 2026 ബില്‍ ലോക്സഭയില്‍ ചര്‍ച്ച ചെയ്യുന്നതിന് തീരുമാനമെടുക്കും. ഈ വര്‍ഷം ഫെബ്രുവരിയിലാണ് പേരുമാറ്റത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്.ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ‘കേരളം’ എന്നാക്കി ഭേദഗതി ചെയ്യുന്നതിനുവേണ്ട അടിയന്തര നടപടികള്‍ ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടാണ് 2024 ജൂണില്‍ കേരള നിയമസഭ പ്രമേയം പാസ്സാക്കിയത്.ഭരണഘടനയുടെ എട്ടാം പട്ടികയില്‍ പറയുന്ന എല്ലാ ഭാഷകളിലും ‘കേരളം’ എന്ന് മാറ്റണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയം ഭേദഗതികള്‍ ഇല്ലാതെ പ്രതിപക്ഷം അംഗീകരിക്കുകയായിരുന്നു. കേരളത്തിന്റെ ഈ ആവശ്യമാണ് കേന്ദ്ര മന്ത്രിസഭ പരിഗണിച്ചത്.2023 ഓഗസ്റ്റില്‍ ഇതേ കാര്യം ആവശ്യപ്പെട്ട് പ്രമേയം കേരള നിയമസഭ പാസ്സാക്കിയിരുന്നു. പക്ഷെ, സാങ്കേതിക പ്രശ്‌നം ചൂണ്ടിക്കാട്ടി കേന്ദ്രം അത് മടക്കി. തുടര്‍ന്നാണ് പരിഷ്‌കരിച്ച പ്രമേയം കേരള നിയമസഭ പാസ്സാക്കി കേന്ദ്രത്തിന് വീണ്ടും അയച്ചത്

