വയനാട്: വയനാട് ജില്ലയിൽ വിദ്യാർഥികൾക്കിടയിൽ ഷിഗെല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും ആരോഗ്യസ്ഥിതിയും വിലയിരുത്താൻ ഇന്ന് ഉന്നതതല യോഗം ചേരും. കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ രണ്ട് വിദ്യാർഥികൾക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രാവിലെ 9.30ന് ബത്തേരി താലൂക്ക് ആശുപത്രിയിലാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. ആരോഗ്യ മന്ത്രി കെ. മുരളീധരൻ, കൃഷി മന്ത്രി ടി. സിദ്ദീഖ് എന്നിവർ ഉൾപ്പെടെയുള്ള ഉന്നതതല സംഘം യോഗത്തിൽ പങ്കെടുക്കും. രണ്ട് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചതിന് പുറമെ, 19 വിദ്യാർഥികളുടെ പരിശോധനാ ഫലം കൂടി വരാനുണ്ട്. ഇതിന് പുറമെ 300ലധികം കുട്ടികൾ സമാനമായ രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. നിലവിൽ 25 കുട്ടികളാണ് വിവിധ ആശുപത്രികളിൽ അഡ്മിറ്റായിട്ടുള്ളത്. എന്നാൽ ആരുടേയും നില ഗുരുതരമല്ലെന്നും കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കാര്യങ്ങൾ പൂർണമായും നിയന്ത്രണവിധേയമായതിനാൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സ്കൂളിലെ കുട്ടികൾക്ക് ആദ്യമായി രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി കൂടുതൽ കുട്ടികൾ ആശുപത്രിയിൽ എത്തുകയും, ഇന്നലെ ഔദ്യോഗികമായി രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. രോഗത്തിന്റെ ഉറവിടം എവിടെ നിന്നാണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇതിന്റെ ഭാഗമായി സ്കൂളിലെ കുടിവെള്ളം, ഭക്ഷണം എന്നിവയുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മറ്റ് ഉറവിടങ്ങളിൽ നിന്നാണോ രോഗം പകർന്നത് എന്ന കാര്യവും വിശദമായി പരിശോധിച്ചു വരികയാണ്.രോഗവ്യാപനം തടയുന്നതിനായി വിപുലമായ സംവിധാനങ്ങളാണ് ജില്ലയിൽ ഒരുക്കിയിട്ടുള്ളത്. ഉന്നത ഡോക്ടർമാരുടെ വിദഗ്ദ്ധ സംഘം, ഡിഎംഒ, ആരോഗ്യ വകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സംഘം ബത്തേരിയിലും പരിസര പ്രദേശങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങൾക്കും പഠനങ്ങൾക്കുമായി രംഗത്തുണ്ട്. കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദീഖ് ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്, ഉച്ചയോടെ ആരോഗ്യ മന്ത്രിയും ജില്ലയിലെത്തും. ഇന്നത്തെ ഉന്നതതല യോഗത്തിൽ കൂടുതൽ കുട്ടികളിലേക്ക് രോഗം പടർന്നിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ വിലയിരുത്തുകയും അടിയന്തര തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യും.



