തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസിലെ ലോവര്‍ ഡിവിഷന് ക്ലര്‍ക്ക് (എല്‍ഡിസി) തസ്തികയുടെ അടിസ്ഥാന യോഗ്യത എസ്എസ്എല്‍സിയില്‍ നിന്ന് പ്ലസ്ടുവാക്കി ഉയര്‍ത്താന്‍ നടപടികള്‍ ആരംഭിച്ചു. പിഎസ്സിയുടെ അടുത്ത വിജ്ഞാപനം മുതല്‍ പുതിയ യോഗ്യത നിലവില്‍ വരുമെന്നാണ് സൂചന. ഇതിനായി വിവിധ വകുപ്പുകളിലെ സ്പെഷ്യല്‍ റൂളുകളില്‍ ഭേദഗതി വരുത്തിവരികയാണ്
2011ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് എല്‍ഡിസി യോഗ്യത പ്ലസ് ടുവാക്കി ഉത്തരവിറക്കിയത്. എന്നാല്‍ അന്ന് എസ്എസ്എല്‍സി യോഗ്യതയിലുള്ള റാങ്ക് ലിസ്റ്റ് നിലവിലുണ്ടായിരുന്നു. നിലവിലുള്ള റാങ്ക് ലിസ്റ്റുകള്‍ റദ്ദാക്കപ്പെടുമെന്ന സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് അന്ന് ഈ തീരുമാനം മരവിപ്പിക്കുകയായിരുന്നു. നിലവിലെ റാങ്ക് ലിസ്റ്റിനെ ബാധിക്കാത്ത രീതിയില്‍ അടുത്ത വിജ്ഞാപനം മുതല്‍ മാറ്റം നടപ്പാക്കാനാണ് നിലവിലെ തീരുമാനം.ഓരോ വകുപ്പിലെയും എല്‍ഡിസി നിയമന ചട്ടങ്ങള്‍ അതത് വകുപ്പിന്റെ സ്പെഷ്യല്‍ റൂള്‍ അനുസരിച്ചാണ് തയ്യാറാക്കുന്നത്. യോഗ്യത പ്ലസ്ടുവാകുന്നതോടെ ശമ്പള സ്കെയിലിലും വര്‍ധനവുണ്ടാകും. നിലവിലെ 26,500 – 60,700 രൂപ സ്കെയില്‍, 31,100 – 66,800 രൂപയായി ഉയരും. എല്‍ഡിസി തസ്തികകള്‍ ഏറ്റവും കൂടുതലുള്ള റവന്യൂ വകുപ്പില്‍ ചട്ടഭേദഗതി നടപടികള്‍ സജീവമായിട്ടുമുണ്ട്. വില്ലേജ് അസിസ്റ്റന്റ് തസ്തികയിലെ ചട്ടങ്ങളും പരിശോധിച്ചുവരികയാണ്
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയുടെ യോഗ്യതാ മാനദണ്ഡങ്ങളിലും ഉടന്‍ മാറ്റം വരും. നിലവില്‍ ബിരുദം മാത്രമാണ് യോഗ്യതയെങ്കില്‍, ഇനി മുതല്‍ ബിരുദത്തിന് മിനിമം മാര്‍ക്കും അംഗീകൃത കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് ഡിപ്ലോമയും കൂടി നിര്‍ബന്ധമാക്കും

