ലൂയിസിയാന: യു.എസിലെ ലൂയിസിയാനയിൽ അക്രമി നടത്തിയ വെടിവെപ്പിൽ എട്ടുകുട്ടികൾക്ക് ദാരുണാന്ത്യം. ഒന്നിനും 14-നുമിടയിൽ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. ഇതിനിടെ, രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. സംഭവത്തിൽ, 10 പേർക്കാണ് വെടിയേറ്റത്. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച കൊലയാളിയെ പൊലീസ് പിന്തുടർന്ന് വെടിവെച്ചുകൊന്നു. അമേരിക്കയിൽ പൊതുസ്ഥലത്തെ വെടിവെപ്പ് നിത്യസംഭവമാണെങ്കിലും ഈ അക്രമത്തിന് പിന്നിൽ കുടുംബപ്രശ്നമാണെന്ന് പറയുന്നു.ഞായറാഴ്ച പ്രാദേശിക സമയം പുലർച്ചെ ആറുമണിയോടെയായിരുന്നു സംഭവം. തോക്കുമായെത്തി മൂന്ന് വീടുകൾ കയറിയിറങ്ങിയാണ് വെടിയുതിർത്തത്. രണ്ടുവീടുകളിൽക്കയറി വെടിവെച്ചശേഷമാണ് അല്പംമാറിയുള്ള മറ്റൊരു വീട്ടിലേക്ക് അക്രമിയെത്തിയത്. മരിച്ച കുട്ടികളിൽ ചിലർ ഇയാളുമായി ബന്ധമുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. അക്രമിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം, യു.എസിലെ അയോവ സർവകലാശാലക്കുസമീപം നടന്ന മറ്റൊരു വെടിവെപ്പിൽ മൂന്ന് വിദ്യാർഥികളടക്കം അഞ്ചുപേർക്കും പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു.



