മസച്യുസെറ്റ്സ്: ഫിഫ ലോകകപ്പ് ഗ്രൂപ്പ് സി പോരാട്ടത്തില്‍ മൊറോക്കോയ്ക്ക് വിജയം. ഈ ലോകകപ്പിലെ അതിവേഗ ഗോള്‍ കണ്ട പോരില്‍ മൊറോക്കോ മറുപടിയില്ലാത്ത ഒറ്റ ഗോളിന് സ്കോട്ലന്ഡിനെ വീഴ്ത്തി. കളി തുടങ്ങി 71ാം സെക്കന്‍ഡില്‍ തന്നെ സ്കോട്ലന്ഡ് വലയില്‍ പന്തെത്തിച്ചാണ് മൊറോക്കോ വിജയം സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ ബ്രസീലിനെ സമനിലയില്‍ തളച്ച ഗോളിന് അവകാശിയായി ഇസ്മയില്‍ സൈബാരിയാണ് കിക്കോഫിനു പിന്നാലെ ഗോള്‍ നേടിയത്. പിന്നീട് അവര്‍ വല ചലിപ്പിച്ചില്ലെങ്കിലും തുടക്കത്തില്‍ കിട്ടിയ ലീഡ് കൈവിട്ടില്ല. ജയത്തോടെ മൊറോക്കോ നോക്കൗട്ട് പ്രതീക്ഷ സജീവമാക്കി.കിക്കോഫിനു പിന്നാലെ മൊറോക്കോ നടത്തിയ മുന്നേറ്റമാണ് അതിവേഗ ഗോളില്‍ കലാശിച്ചത്. വലതു വിങ്ങില്‍ നിന്നു ബ്രഹിം ഡിയാസ് നല്കിയ ലോങ് പാസ് സ്വീകരിച്ച് മുന്നേറിയ സൈബാരി സ്കോട്ലന്ഡ് ഗോള്‍ കീപ്പര്‍ ആന്‍ഗസ് ഗണ്ണിനു യാതൊരു അവസരവും നല്‍കാതെ പന്ത് വലയിലിടുകയായിരുന്നു.തുടക്കം തന്നെ ഗോള്‍ കിട്ടിയതോടെ മൊറോക്കോ കടുത്ത ആക്രമണം പുറത്തെടുത്തു. 10ാം മിനിറ്റില്‍ അവര്‍ രണ്ടാം ഗോളിനു അടുത്തെത്തിയിരുന്നു. സൈബാരിയുടെ ക്രോസ് പക്ഷേ മുതലാക്കാന്‍ സഹ താരങ്ങള്‍ക്കു സാധിച്ചില്ല. 18ാം മിനിറ്റില്‍ അഷ്റഫ് ഹക്കീമിയുടെ മുന്നേറ്റം സ്കോട്ടിഷ് ഗോള്‍ കീപ്പര്‍ തടുത്തു
മൊറോക്കോ കടുത്ത ആക്രമണം തുടര്‍ന്നതോടെ സ്കോട്ലന്ഡ് കടുത്ത പ്രതിരോധവുമായി നിന്നു. ഇതോടെ മൊറോക്കന്‍ മുന്നേറ്റത്തിന്റെ മുനയൊടിക്കാനും പിന്നീട് അവര്‍ക്ക് സാധിച്ചു. ആദ്യ 45 മിനിറ്റില്‍ സ്കോട്ലന്ഡ് ഭാഗത്തു നിന്നു ഒരു മുന്നേറ്റമോ ഗോള്‍ ലക്ഷ്യമിട്ടുള്ള ശ്രമങ്ങളോ ഒന്നും വന്നതുമില്ല.
ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് പക്ഷേ അവര്‍ കടുത്ത ആക്രമണം അഴിച്ചുവിട്ടു. തുടരെ തുടരെ ആക്രമിച്ച് അവര്‍ മൊറോക്കന്‍ പ്രതിരോധത്തെ വിറപ്പിച്ചു.
രണ്ടാം പകുതിയില്‍ ഇരു ടീമുകളും ആക്രമണ പ്രത്യാക്രമണങ്ങളുമായി കളം വാണെങ്കിലും ഗോള്‍ അകന്നു നിന്നു. അവസാന നിമിഷങ്ങളില്‍ സമനിലയ്ക്കായി സ്കോട്ലന്ഡ് കിണഞ്ഞു ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല

