വയനാട്: മുണ്ടക്കൈ- ദുരന്തബാധിതർക്കായി സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പിൽ ആദ്യ കുടുംബം ഇന്ന് താമസം ആരംഭിക്കും. ചൂരൽമല സ്കൂൾ റോഡ് സ്വദേശിയായ വിജയനും കുടുംബവുമാണ് ആദ്യ താമസക്കാർ. ബാക്കിയുള്ള കുടുംബങ്ങളും അടുത്ത ദിവസങ്ങളിലായി ടൗൺഷിപ്പിലേക് താമസം മാറ്റും.കാത്തിരിപ്പുകൾക്കൊടുവിലാണ് മുണ്ടക്കൈയെയും ചൂരൽമലയും പുനർനിർമ്മിച്ച കൽപ്പറ്റയിലെ സർക്കാർ ടൗൺഷിപ്പിൽ മനുഷ്യർ താമസിച്ചു തുടങ്ങുന്നത്. ഒന്നാം സോണിലെ, ഡി-ക്ലസ്റ്ററിലുള്ള എഴുപത്തിയെട്ടാം നമ്പർ വീട്ടിലാണ് വിജയനും കുടുംബവും ആദ്യ താമസക്കാരായി മാറുന്നത്. 2024 ജൂലൈ 30 ന്റെ രാവിൽ ഉരുൾ കവർന്ന ജീവിതങ്ങൾ പുതിയ അധ്യായമായി പടുത്തുയർത്തുകയാണ് ടൗൺഷിപ്പിൽ.രാവിലെ പത്തരയ്ക്കാണ് പാലുകാച്ചൽ ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും ചടങ്ങിൽ പങ്കെടുക്കുക. ആദ്യഘട്ടത്തിൽ ആകെ 178 കുടുംബങ്ങൾക്കാണ് വീടുകൾ കൈമാറുന്നത്. ഇതിൽ 159 വീടുകളും സാങ്കേതികമായി കൊടുത്തു കഴിഞ്ഞു. ഇന്ന് വിജയന്‍റെ കുടുംബം പുതിയ ഭവനത്തിലേക്ക് മാറുന്നത് കേവലമൊരു പുനരധിവാസമല്ല. മറിച്ച്, പ്രകൃതിദുരന്തം കവർന്ന സ്വപ്നങ്ങളെ ഒത്തൊരുമയോടെ ഒരു നാട് വീണ്ടെടുത്തതിന്റെ നേർസാക്ഷ്യമാണ്.



