തിരുവനന്തപുരം: പിഎംശ്രി പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുമെന്ന സൂചനകൾക്കിടെ, പദ്ധതിയോടുള്ള ശക്തമായ എതിർപ്പ് ആവർത്തിച്ച് എം.എസ്.എഫ്.
പിഎംശ്രി വഴി സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയിലും പാഠ്യപദ്ധതിയിലും കേന്ദ്രത്തിന്റെ കടന്നുകയറ്റം അനുവദിക്കാനാവില്ലെന്നും ഒരു ചർച്ചയും കൂടാതെ പദ്ധതി നടപ്പാക്കാൻ പാടില്ലെന്ന നിലപാടിലേക്ക് സർക്കാർ എത്തണമെന്ന് എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ. നജാഫ്
ഒരു സങ്കോചവും ചർച്ചയും കൂടാതെ പിഎംശ്രിയെ എതിർക്കുമെന്ന ഉറപ്പിലാണ് ജനങ്ങൾ ഈ സർക്കാരിനെ വോട്ട് ചെയ്ത് ജയിപ്പിച്ചത്. ആ നിലപാടിൽ നിന്ന് പിന്നോട്ടുപോകാൻ പാടില്ല. കഴിഞ്ഞ സർക്കാർ കരാർ ഒപ്പിട്ടുപോയതുകൊണ്ട് അതിൽ നിന്ന് ഒഴിവാകുക അത്ര എളുപ്പമല്ല. അതുകൊണ്ടുതന്നെയാണ് വിഷയം പഠിക്കാൻ ഒരു ഉപസമിതിയെ നിയമിച്ചിരിക്കുന്നത്. എന്നാൽ ഒരു ചർച്ചയും കൂടാതെ പിഎംശ്രി നടപ്പിലാക്കാൻ കഴിയില്ല എന്നായിരിക്കണം ഉപസമിതിയുടെ തീരുമാനം. ഇതുതന്നെയാണ് ഞങ്ങളുടെ നിലപാട്.
പിഎംശ്രി ഉപേക്ഷിക്കുന്നതിലെ തീരുമാനം വൈകിയതോടെ അവ്യക്തത ഒഴിവാക്കാൻ എം എസ് എഫ് നേതൃത്വം മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. എം.എസ്.എഫിന്റെ നിലപാട് കൃത്യമായി അറിയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ കാലങ്ങളിലെപോലെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്ത ഒരു ഭരണകൂടം അല്ല ഇവിടെ ഉള്ളത്. ഈ വിഷയത്തിൽ എല്ലാവരുടെയും ആശങ്കകൾ പരിഹരിച്ചാവും യൂ ഡി എഫ് മുൻപോട്ടു പോവുക.ഞങ്ങളുടെ നിലപാട് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബ് നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ട്. പിഎംശ്രി വഴി സംസ്ഥാനത്തിന് ലഭിക്കേണ്ട തുക നമുക്ക് അവകാശപ്പെട്ടത് തന്നെയാണ്. എന്നാൽ പിഎംശ്രി വഴി സംസ്ഥാനത്തിന്റെ പാഠ്യപദ്ധതിയിലേക്കുള്ള കടന്നുകയറ്റം സമ്മതിക്കാൻ കഴിയില്ല. പണം അല്ല പ്രധാനം. നമ്മൾ നികുതി കൊടുത്ത പണമാണ് കേന്ദ്ര സർക്കാർ പിഎംശ്രിയിലൂടെ നൽകുന്നത്. അത് ആരുടെയും തറവാട്ട് വകയല്ല. എന്നാൽ പാഠ്യപദ്ധതിയിലെ തിരുത്തലുകൾ ഒരിക്കലും അംഗീകരിക്കില്ല

