ന്യൂഡൽഹി: കേരളത്തോടൊപ്പം പശ്ചിമ ബംഗാൾ, തമിഴ്നാട്, അസം, കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലവും ഇന്നറിയാം. ഏപ്രിൽ ഒമ്പതിന് തുടങ്ങി 29 വരെ വിവിധ ഘട്ടങ്ങളിലായാണ് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് പൂർത്തിയായത്. എല്ലായിടത്തും രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. വൻസുരക്ഷാ സന്നാഹമാണ് വോട്ടെണ്ണലിനായി ഒരുക്കിയത്.തുടർച്ചയായി നാലാം തവണയും അധികാരം നിലനിർത്താൻ ഒരുങ്ങുന്ന മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസും, അധികാരം പിടിച്ചെടുക്കാൻ കച്ചകെട്ടിയിറങ്ങിയ ബി.ജെ.പിയും തമ്മിലാണ് പശ്ചിമബംഗാളിലെ പോരാട്ടം. ത്രികോണ മത്സരത്തിലൂടെ ശ്രദ്ധേയമായ തമിഴ്നാട്ടിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഡി.എം.കെയും അധികാരം നിലനിർത്തുമെന്നാണ് പ്രവചനം. അതേസമയം, ബി.ജെ.പി-എ.ഐ.എ.ഡി.എം.കെ മുന്നണിയും, അരങ്ങേറ്റം കുറിക്കുന്ന നടൻ വിജയ്ന്റെ ടി.വി.കെയും നേടുന്ന സീറ്റുകളും നിർണായകമാവും. അസമിൽ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ ഹാട്രിക് വിജയം സ്വപ്നം കാണുന്നു. പുതുച്ചേരിയിൽ ബി.ജെ.പിയും എ.ഐ.എൻ.ആർ.സിയും ഉൾപ്പെടുന്ന എൻ.ഡി.എ ഭരണത്തുടർച്ച പ്രതീക്ഷയിലാണ്.



