Sunday, April 19, 2026
No menu items!
Homeവാർത്തകൾനിപ മരണം സ്ഥിരീകരിച്ചതോടെ മലപ്പുറം ജില്ലയിൽ ജാഗ്രത ശക്തമാക്കി ജില്ലാ ഭരണകൂടം

നിപ മരണം സ്ഥിരീകരിച്ചതോടെ മലപ്പുറം ജില്ലയിൽ ജാഗ്രത ശക്തമാക്കി ജില്ലാ ഭരണകൂടം

മലപ്പുറം: നിപ മരണം സ്ഥിരീകരിച്ചതോടെ മലപ്പുറം ജില്ലയിൽ നിപ ജാഗ്രത ശക്തമാക്കി ജില്ലാ ഭരണകൂടം. മാസ്ക് നിർബന്ധമാക്കിയതടക്കമുള്ള നിരവധി നിയന്ത്രണങ്ങളാണ് ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. നിപയുടെ പശ്ചാത്തലത്തിൽ മലപ്പുറത്ത് കൺട്രോൾ റൂമടക്കം തുറന്നിട്ടുണ്ട്. 0483 273 2010, 0483 273 2060 എന്നീ നമ്പറുകളിൽ വിളിച്ചാൽ നിപ കൺട്രോൾ റൂമുമായി ബന്ധപ്പെടാമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

നിപ സ്ഥിരീകരിച്ച തിരുവാലി പഞ്ചായത്തിൽ അതീവ ജാഗ്രതയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്ത് പരിധിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും തീയറ്ററുകളുമടക്കം തുറക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. തിരുവാലി പഞ്ചായത്തിലെ 4, 5, 6,7 വാർഡുകളും സമീപത്തെ മമ്പാട് പഞ്ചായത്തിലെ ഏഴാം വാർഡും നേരത്തെ തന്നെ കണ്ടെയ്മെന്‍റ് സോണാക്കിയിരുന്നു.

അതേസമയം മലപ്പുറത്തെ നിപ മരണത്തിന്‍റെ പശ്ചാത്തലത്തിൽ കർണാടക സർക്കാർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കർണാടക ആരോഗ്യവകുപ്പ് അടിയന്തരയോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. മരിച്ച മലപ്പുറം സ്വദേശി ബംഗളൂരുവിലായിരുന്നു പഠിച്ചിരുന്നത്. ബംഗളൂരുവിൽ നിന്ന് മരണ വിവരമറിഞ്ഞ് മലപ്പുറത്തെ മരണ വീട്ടിലെത്തിയ സഹപാഠികളെയെല്ലാം നിരീക്ഷണത്തിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിൽ 13 വിദ്യാർഥികൾ നിലവിൽ കേരളത്തിലാണ്. ഇവരോട് നാട്ടിൽ തുടരാൻ ആരോ​ഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. അതിനിടെ മലപ്പുറത്തെ നിപയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാൻ പ്രത്യേക ഐസലോഷൻ വാർഡ് ക്രമീകരിച്ചിട്ടുണ്ട്. ജീവനക്കാർക്കും പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്.

തിരുവാലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല്, അഞ്ച്, ആറ്, ഏഴ്, മമ്ബാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഏഴ് എന്നീ വാര്‍ഡ് പരിധികളിലാണ് പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

നിയന്ത്രണങ്ങള്‍

1 പൊതുജനങ്ങള്‍ കൂട്ടം കൂടാന്‍ പാടുള്ളതല്ല.

2 വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 7 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. (പാല്‍, പത്രം, പച്ചക്കറി എന്നിവക്ക് രാവിലെ 6 മുതല്‍ പ്രവര്‍ത്തിക്കാവുന്നതാണ്). മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല.

3 സിനിമാ തിയേറ്ററുകള്‍ പ്രവര്‍ത്തിക്കുവാന്‍ പാടുള്ളതല്ല.

4 സ്‌കൂളുകള്‍, കോളേജുകള്‍, മദ്രസ്സുകള്‍ അംഗനവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുവാന്‍ പാടുള്ളതല്ല.

മലപ്പുറം ജില്ലയിലെ പൊതു നിന്ത്രണങ്ങള്‍

1 പൊതുജനങ്ങള്‍ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്.

2 പൊതുജനങ്ങള്‍ പുറത്തിറങ്ങുന്ന സമയത്തും, യാത്രകളിലും, മറ്റ് കൂടിച്ചേരലുകളിലും നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കേണ്ടതാണ്.

3 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ എന്നിവര്‍ സ്‌കൂള്‍ പ്രവര്‍ത്തി സമയങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കേണ്ടതാണ്.

4 കല്യാണം/മരണം/മറ്റ് ആഘോഷങ്ങള്‍ എന്നിവയിലും കൂടിച്ചേരലുകള്‍ പരമാവധി കുറക്കേണ്ടതും, സാമൂഹിക അകലം പാലിക്കേണ്ടതുമാണ്

5 പനി മുതലായ രോഗ ലക്ഷണങ്ങള്‍ കാണുന്ന സമയത്ത് സ്വയം ചികിത്സിക്കാന്‍ പാടില്ലാത്തതും, ഒരു രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ ഉപദേശം തേടേണ്ടതുമാണ്.

6 പക്ഷികള്‍, വവ്വാലുകള്‍. മറ്റ് ജീവികള്‍ കടിച്ചതോ, ഫലവൃക്ഷങ്ങളില്‍ നിന്നും താഴെ വീണ് കിടക്കുന്നതോ ആയ പഴങ്ങള്‍ യാതൊരു കാരണവശാലും കഴിക്കാന്‍ പാടുള്ളതല്ല. പഴം, പച്ചക്കറികള്‍ എന്നിവ നന്നായി കഴുകിയതിനു ശേഷം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.

7 പനി, ചര്‍ദ്ദി മറ്റ് ശാരീരിക അസ്വസ്ഥതകള്‍ എന്നിവ അനുഭവപ്പെടുന്ന പക്ഷം രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ ഉപദേശം തേടേണ്ടതും ഇവ പകരുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ 0483- 2732010, 0483-2732050, എന്നീ നമ്ബരുകളില്‍ വിളിച്ച്‌ അറിയിക്കേണ്ടതുമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments