Tuesday, April 21, 2026
No menu items!
Homeവാർത്തകൾതൃശൂർ പൂരം വെടിക്കെട്ടുപുരയിൽ സൂക്ഷിച്ച കരിമരുന്നിന് തീപിടിച്ച് വൻ സ്ഫോടനം.ഒൻപത് പേർ മരിച്ചു; മരണസംഖ്യ ഇനിയും...

തൃശൂർ പൂരം വെടിക്കെട്ടുപുരയിൽ സൂക്ഷിച്ച കരിമരുന്നിന് തീപിടിച്ച് വൻ സ്ഫോടനം.ഒൻപത് പേർ മരിച്ചു; മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത

തൃശൂർ: പൂരപ്പെരുമയുടെ വിസ്മയമൊരുക്കാൻ വെടിക്കെട്ടുപുരയിൽ സൂക്ഷിച്ച കരിമരുന്നിന് തീപിടിച്ച് വൻ സ്ഫോടനം. തീപിടിത്തം തുടങ്ങിയപ്പോൾ ആദ്യം കേട്ടത് ഒരു വൻ ഭൂമികുലുക്കം പോലെയുള്ള മുഴക്കം. പിന്നെ കണ്ടത് ആകാശത്തോളമുയരുന്ന കരിമ്പുകയും ചിതറിത്തെറിക്കുന്ന ശരീരഭാഗങ്ങളുമാണ്. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീഷിന്റെ വെടിക്കെട്ടുപുരയിലുണ്ടായ ദുരന്തം ഒരു നാടിനെയാകെ വിറങ്ങലിപ്പിച്ചു കളഞ്ഞു. ഒൻപത് മരണം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മരണസംഖ്യ ഇനിയും ഉയരുമെന്ന ഭീതിയിലാണ് പ്രദേശം. ‘ആദ്യം കരുതിയത് ഭൂമികുലുക്കമാണെന്നാണ്. സ്ഥലത്തേക്ക് അടുക്കാൻ പോലും പറ്റാത്ത അത്രയും തീയും പുകയുമായിരുന്നു. വീടുകളിലെ ജനൽച്ചില്ലുകൾ വരെ തകർന്നുപോയി’ പ്രദേശവാസി വിറയ്ക്കുന്ന ശബ്ദത്തോടെ പറഞ്ഞു. തൃശ്ശൂരിനെ വിറപ്പിച്ച സ്ഫോടനത്തിന്റെ ആഘാതം കിലോമീറ്ററുകൾക്കപ്പുറം അനുഭവപ്പെട്ടു. വഴിയിലൂടെ പോയ വാഹനങ്ങൾ പോലും സ്ഫോടനത്തിന്റെ പ്രകമ്പനത്തിൽ കുലുങ്ങി പോയി. മുണ്ടത്തിക്കോട് വയലിന്റെ നടുവിൽ ഒരു ദ്വീപ് പോലെയാണ് വെടിക്കെട്ട് നിർമ്മാണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. അപകടസമയത്ത് ഏകദേശം 40ഓളം പേർ അവിടെ ജോലിയുണ്ടായിരുന്നു എന്നാണ് കണക്കാക്കുന്നത്. എന്നാൽ പാടത്തിന് നടുവിലായതിനാൽ ഫയർഫോഴ്സിനോ ആംബുലൻസിനോ അവിടേക്ക് നേരിട്ട് എത്താൻ സാധിച്ചില്ല. ഒരു മണിക്കൂർ കഴിഞ്ഞിട്ടും തീ നിയന്ത്രണവിധേയമായിരുന്നില്ല. ഇടതടവില്ലാതെ നടന്ന തുടർച്ചയായ സ്ഫോടനങ്ങളും ആർത്തനാദങ്ങളും കണ്ട് നിസ്സഹായരായി നോക്കിനിൽക്കാനേ നാട്ടുകാർക്ക് സാധിച്ചുള്ളൂ. വയലിലൂടെ ഓടിയെത്തിയ രക്ഷാപ്രവർത്തകർ കണ്ടത് ഹൃദയഭേദകമായ കാഴ്ചകളാണ്. ചിതറിത്തെറിച്ച മാംസക്കഷ്ണങ്ങളും കൈകാലുകളും പാടത്തും പരിസരത്തെ വീടുകളുടെ മുകളിലും വീണുകിടക്കുന്നു. പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂരലഹരിയിലേക്ക് ഉണരേണ്ടിയിരുന്ന തൃശൂർ ഇന്ന് മൂകമാണ്. വാനിൽ വർണ്ണവിസ്മയം തീർക്കേണ്ടിയിരുന്ന അമിട്ടുകൾ സ്വന്തം ജീവനെടുത്ത ദുരന്തത്തിന്റെ കറുത്ത പുക ഉയരുന്ന മുണ്ടത്തിക്കോട് ഇപ്പോൾ പ്രാർത്ഥനയിലാണ്

തൃശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുരയിലാണ് അപകടം ഉണ്ടായത്. പ്രദേശത്ത് ഇപ്പോഴും സ്ഫോടനം നടക്കുകയാണ്. അഞ്ച് താത്ക്കാലിക പുരകളിലായാണ് പടക്ക നിർമാണം നടന്നത്. അഞ്ചിടത്തും തീ പടർന്നു. സ്ഫോടന വസ്തുക്കൾ നിർവീര്യമാക്കാത്തതിനാലും പ്രദേശത്ത് പുക നിറഞ്ഞതിനാലും രക്ഷാപ്രവർത്തനത്തിന് നേരിയ തടസ്സം നേരിടുന്നുണ്ട്. പടക്ക നിർമാണ ശാലയിൽ എത്ര പേർ ജോലിക്ക് ഉണ്ടായിരുന്നു എന്നതിൽ വ്യക്തതയില്ല. പലരും ചിതറി തെറിച്ചു പോയെന്നാണ് സംശയം. ശരീര ഭാഗങ്ങൾ പാടത്തു നിന്നും കണ്ടെടുത്തു

തൃശ്ശൂരിലെ വെടിക്കെട്ട് പുരയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയുമായി സംസാരിച്ചു. പൊള്ളലേറ്റവർക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ ആവശ്യമെങ്കിൽ സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉപയോഗപ്പെടുത്തും. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നു. ഇത് മോണിറ്റർ ചെയ്യാൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ , ആരോഗ്യവകുപ്പുകളുടെ എല്ലാ സംവിധാനങ്ങളെയും റവന്യു, ദുരന്തനിവാരണ വകുപ്പുകളെയും ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. മരണമടഞ്ഞവരുടെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.

ഉ​ഗ്ര സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുകയാണ്. ഒൻപത് പേരുടെ മരണം നിലവിൽ സ്ഥിരീകരിച്ചു. പത്ത് പേരുടെ നില ​ഗുരുതരമാണ്. 18 പേരെയാണ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത്. നിരവധി തൊഴിലാളികൾക്ക് പൊള്ളലേറ്റതായാണ് ലഭ്യമാകുന്ന വിവരം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments